General

ഈ വർഷത്തെ കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് ജോണി ആൻ്റണിക്ക്

കുവൈറ്റ് സിറ്റി: കേരള അസോസിയേഷൻ കുവൈറ്റ് സംഘടിപ്പിക്കുന്ന 12-മത് കണിയാപുരം രാമചന്ദ്രൻ സ്മാരക ഇൻ്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ‘നോട്ടം 2025’ ഡിസംബർ 5-ന് ഉച്ചക്ക് 1 മണിക്ക് അഹ്‌മദി ഡി.പി.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ അരങ്ങേറും. മിഡിൽ ഈസ്റ്റിലെ തന്നെ ഏറ്റവും വലിയ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ എന്ന പ്രത്യേകതയോടെ നടക്കുന്ന ഈ മേള പ്രശസ്ത സംവിധായകനും ഓസ്കാർ അവാർഡ് നോമിനിയുമായ ഡോ. ബിജു ദാമോദരൻ ഉദ്ഘാടനം ചെയ്യും.

ഈ വർഷത്തെ കണിയാപുരം രാമചന്ദ്രൻ മെമ്മോറിയൽ അവാർഡ് മലയാള സിനിമയിൽ സംവിധാനം, അഭിനയം എന്നീ മേഖലകളിൽ തൻ്റേതായ ഇടം നേടിയ സംവിധായകനും നടനുമായ ജോണി ആൻ്റണിക്ക് വേദിയിൽ വെച്ച് നൽകി ആദരിക്കും. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്‌കാരം.

ഫെസ്റ്റിവലിൻ്റെ ജൂറി അംഗങ്ങളായി നാഷണൽ അവാർഡ് ജേതാക്കളായ ഡോ. ബിജു, സംവിധായകൻ വി. സി. അഭിലാഷ്, ചലച്ചിത്ര നിരൂപകൻ ഡോ. സി. എസ്. വെങ്കിടേശ്വരൻ എന്നിവരാണ് പ്രവർത്തിക്കുക. നോട്ടം 2025-ലെ അവാർഡുകൾ ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി ചിത്രം, മികച്ച പ്രേക്ഷക ചിത്രം, മികച്ച കുട്ടികളുടെ ചിത്രം, മികച്ച സംവിധായകൻ, മികച്ച സ്ക്രിപ്റ്റ്, മികച്ച എഡിറ്റർ, മികച്ച ആർട്ട് ഡയറക്ഷൻ, ശബ്ദമിശ്രണം, മികച്ച നടൻ, നടി, ബാലതാരം, മികച്ച ഛായാഗ്രാഹകൻ തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും.

മേളയെ പ്രദർശന വിഭാഗം, മത്സരം വിഭാഗം, ഓപ്പൺ ഫോറം എന്നിങ്ങനെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചിട്ടുണ്ട്. മത്സര വിഭാഗത്തിൽ 34 ഷോർട്ട് ഫിലിമുകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കേരള അസോസിയേഷൻ ഭാരവാഹികളായ പ്രസിഡൻ്റ് ബിവിൻ തോമസ്, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർ മണിക്കുട്ടൻ എടക്കാട്ട് എന്നിവർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

കേരള അസോസിയേഷൻ ട്രഷറർ അനിൽ കെ.ജി സ്വാഗതം ആശംസിച്ചു. ഉണ്ണിമായ ഉണ്ണികൃഷ്ണൻ നന്ദി പറഞ്ഞു. ജോയിൻ്റ് സെക്രട്ടറി മഞ്ജു മോഹൻ, ജനറൽ കോഡിനേറ്റർമാരായ ശ്രീംലാൽ, ഷാജി രഘുവരൻ, വൈസ് പ്രസിഡണ്ട് ശ്രീഹരി കുമാർ, അരീഷ് രാഘവൻ, ബേബി ഔസേഫ് എന്നിവർ പത്രസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.