THRISSUR

ജീവനക്കാർക്ക് ഏകദിന നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു

തൃശ്ശൂർ : സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ലോകമെമ്പാടും ആചരിക്കുന്ന ഓറഞ്ച് ദി വേൾഡ് കാമ്പയിൻ്റെ ഭാഗമായി ജില്ലാ വനിതാ ശിശു വികസന ഓഫീസ് ജില്ലയിലെ വിവിധ വകുപ്പ് ജീവനക്കാർക്കായി ഏകദിന നിയമ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. അസിസ്റ്റൻ്റ് കളക്ടർ സ്വാതി മോഹൻ റാത്തോഡ് പരിപാടി ഉദ്ഘാടനം നിർവഹിച്ചു.

തൃശ്ശൂർ ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ വനിതാ ശിശു വികസന ഓഫീസർ പി മീര അധ്യക്ഷത വഹിച്ചു. സ്ത്രീധന സമ്പ്രദായം, ഗാർഹിക പീഡനം, ബാലവിവാഹം തുടങ്ങിയ സാമൂഹിക ദുരാചാരങ്ങൾ ഉന്മൂലനം ചെയ്യുന്നതിനും സ്ത്രീകൾക്കെതിരെയുള്ള എല്ലാത്തരം അതിക്രമങ്ങളും അവസാനിപ്പിക്കുന്നതിനും പൊതുജന ശ്രദ്ധ കൊണ്ടുവന്ന് സമൂഹ മനോഭാവത്തിൽ മാറ്റം ഉണ്ടാക്കുക എന്നതാണ് കാമ്പയിൻ ലക്ഷ്യമിടുന്നത്. പോഷ് ആക്ട്, ഗാർഹിക പീഡന നിയമം, ശൈശവ വിവാഹ നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള സൈബർ ആക്രമണങ്ങൾ എന്നീ വിഷയങ്ങളെ കുറിച്ച് ക്ലാസ്സ്‌ എടുത്തു. സൈബർ സെല്ലിലെ സബ് ഇൻസ്പെക്ടർ ഫീസ്റ്റോ ടി.ഡി., ടി.എൽ.എസ്.സി. പാനൽ അഡ്വക്കേറ്റ് അർച്ചന ടി.കെ. എന്നിവരാണ് ക്ലാസ്സുകൾ നയിച്ചത്.

ജില്ലാ ഐ.സി.ഡി.എസ് സെൽ പ്രോഗ്രാം ഓഫീസർ എൻ ദിവ്യ, വനിതാ സംരക്ഷണ ഉദ്യോഗസ്ഥ ആർ സൗമ്യ, മിഷൻ ശക്തിയിലെ ഫിനാൻഷ്യൽ ലിറ്ററസി സ്പെഷ്യലിസ്റ്റ് ബി. എസ് സുജിത്ത്, ജില്ലാ വനിതാ ശിശു വികസന വകുപ്പ് ജൂനിയർ സൂപ്രണ്ട് കെ എൽ ഷൈജു എന്നിവർ സംസാരിച്ചു. ജില്ലയിലെ സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർ പങ്കെടുത്തു.