ഉന്നതി നൈപുണിവികസന പരിശീലനത്തിന് തുടക്കമായി
ചേലക്കര: സംസ്ഥാന സർക്കാരിൻ്റെ ആഭിമുഖ്യത്തിൽ പട്ടികജാതി – പട്ടികവർഗ്ഗ പിന്നാക്കവികസന വകുപ്പും വിജ്ഞാനകേരളവും സംയുക്തമായി നടപ്പിലാക്കുന്ന പട്ടികജാതി – പട്ടികവർഗ്ഗ നൈപുണിവികസന തൊഴിൽ പദ്ധതിയായ ‘ഉന്നതി’ക്ക് തുടക്കമായി. ഐ ടി ഐ, പോളിടെക്നിക് പഠനം പൂർത്തീകരിച്ച വിദ്യാർത്ഥികൾക്കായി തൊഴിൽ നൈപുണി ബ്രിഡ്ജ് കോഴ്സാണ് ജില്ലയിൽ പരിശീലനം ആരംഭിച്ചത്. ചേലക്കര മോഡൽ റെസിഡൻഷ്യൽ സ്കൂളിൽ നടക്കുന്ന പരിശീലനം യു ആർ പ്രദീപ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
ഡിസംബർ 26 മുതൽ ജനുവരി നാല് വരെ നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയിൽ വ്യക്തിത്വവികസനം, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷൻ, റെസ്യുമെ ബിൽഡിംഗ്, ഡിജിറ്റൽ സ്കില്ലിംഗ്, കമ്പ്യൂട്ടർ പരിശീലനം, ഗൂഗിൾ സ്യൂട്ട്, മൈക്രോസോഫ്റ്റ് ഓഫീസ്, എ ഐ ടൂളുകളുടെ പരിശീലനം, ട്രേഡുകൾ അടിസ്ഥാനമാക്കിയുള്ള പരിശീലനം, ഇൻ്റർവ്യൂ റെഡിനസ് പ്രോഗ്രാം, എംപ്ലോയബിലിറ്റി പരിശീലനം തുടങ്ങി ഉദ്യോഗാർത്ഥികൾക്ക് തൊഴിലിടങ്ങളിൽ ആത്മവിശ്വാസത്തോടെ ജോലി നോക്കുവാൻ ആവശ്യമായ സോഫ്റ്റ് സ്കിൽ പരിശീലനം ഉൾപ്പെടെ നൽകും. അതത് ട്രേഡുകളിൽ വിഷയ വിദഗ്ധർ നയിക്കുന്ന പ്രത്യേക പരിശീലന സെഷനുകളും ടൂളുകൾ, സോഫ്റ്റ് വെയറുകൾ എന്നിവയും പരിശീലിപ്പിക്കും. ഉദ്യോഗാർത്ഥികളുടെ സർഗാത്മകത പരിശോധിക്കുന്നതിനായി, കലാസാംസ്കാരിക പരിപാടികളും പരിശീലനത്തിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്.
വിജ്ഞാനകേരളം തൃശ്ശൂർ ജില്ലാ മിഷൻ കോർഡിനേറ്റർ കെ വി ജ്യോതിഷ് കുമാർ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.ആർ സത്യൻ മുഖ്യാതിഥിയായ ചടങ്ങിൽ ചേലക്കര മോഡൽ റസിഡൻഷ്യൽ സ്കൂൾ സീനിയർ സൂപ്രണ്ട് സജിൽ കുമാർ പി.ആർ സ്വാഗതവും ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസ് സീനിയർ സൂപ്രണ്ട് മൃദുല നന്ദിയും പറഞ്ഞു. പഴയന്നൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി ടി ജയന്തി, തിരുവില്വാമല ഗ്രാമപഞ്ചായത്ത് മെമ്പർ കെ.ആർ രശ്മി എന്നിവർ സംസാരിച്ചു.



