മുണ്ടത്തിക്കോട് വെടിക്കെട്ടപകടം; ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജില്ലയിലെത്തി
മുണ്ടത്തിക്കോട്: മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടനത്തിന്റെ അന്വേഷണത്തിന് സർക്കാർ നിയമിച്ച ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ജില്ലയിലെത്തി. അപകടത്തില്‍ ചികിത്സയില്‍ കഴിയുന്നവരെയും മുണ്ടത്തിക്കോട് വെടിക്കെട്ട് പുര സ്ഫോടന സ്ഥലവും സന്ദര്‍ശിച്ചു. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ് എന്നിവരോടൊപ്പം മെഡിക്കല്‍ കോളേജിലെത്തിയ ജുഡീഷ്യല്‍ അന്വേഷണ കമ്മീഷന്‍ ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ അപകടത്തില്‍ പരിക്കുപറ്റി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന ഭവാനി, വിഷ്ണു എന്നിവരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജ് അധികൃതര്‍ ചികിത്സാ ക്രമീകരണങ്ങളെ സംബന്ധിച്ച് വിശദീകരിച്ചു.
മെഡിക്കൽ കോളേജ് സന്ദർശനത്തിനു ശേഷം മുണ്ടത്തിക്കോട് വെടിക്കെട്ട് പുര അപകട സ്ഥലം സന്ദർശിച്ചു. ജില്ലാ കളക്ടര്‍ ശിഖാ സുരേന്ദ്രന്‍, സിറ്റി പോലീസ് കമ്മീഷണര്‍ നകുല്‍ രാജേന്ദ്ര ദേശ്മുഖ്, എ.ഡി.എം ആര്‍. മനോജ് എന്നിവര്‍ അപകടത്തെക്കുറിച്ചും രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചും വിശദീകരിച്ചു. തുടർ അന്വേഷണം സർക്കാർ നിശ്ചയിക്കുന്ന ടേംസ് ഓഫ് റഫറൻസിന് അനുസൃതമായി സ്വീകരിക്കുമെന്ന് കമ്മീഷൻ അറിയിച്ചു.
അപകട സ്ഥലത്ത് നിന്നും ശരീരാവശിഷ്ടങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൃത്യമായി ഏകോപിപ്പിച്ചതിനും ജില്ലാ പോലീസും ജില്ലാ ഭരണകൂടവും നടത്തിയ ഇടപെടലുകളെ അദ്ദേഹം അഭിനന്ദിച്ചു.



