സാംസ്കാരിക പൈതൃകത്തിന്റെ നിറകാഴ്ചയായി നന്ദനം കുവൈറ്റ് “രംഗപ്രവേശം 2024”
കുവൈറ്റ്: സമ്പന്നമായ ഇന്ത്യൻ സാംസ്കാരിക പൈതൃകം പ്രദർശിപ്പിക്കുന്ന “രംഗപ്രവേശം 2024” അരങ്ങേറി. കുവൈറ്റിലെ പ്രശസ്ത ശാസ്ത്രീയ നൃത്തവിദ്യാലയമായ നന്ദനം കുവൈറ്റ് ആയിരുന്നു സംഘാടകർ. ചടങ്ങില്‍ ഇന്ത്യന്‍ എംമ്പസി സെക്കന്റ് സെക്രട്ടറി നിഖില്‍ കുമാര്‍ മുഖ്യ അതിഥിയായിരുന്നു. വിശിഷ്ടാതിഥിയായി പങ്കെടുത്ത പ്രമുഖ തെന്നിന്ത്യൻ ചലച്ചിത്ര നടിയും ക്ലാസിക്കൽ നർത്തകിയുമായ ദിവ്യാ ഉണ്ണി, മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുടി നൃത്തങ്ങള്‍ ശുദ്ധരൂപത്തിൽ അവതരിപ്പിക്കുന്നതിൽ അധ്യാപകരുടെ പരിശ്രമത്തെ അഭിനന്ദിച്ചു. നന്ദനം ഡയറക്ടര്‍ നയന സന്തോഷ് സ്വഗതം പറഞ്ഞു. “രംഗപ്രവേശം 2024” സുവനീറിന്റെ ആദ്യ കോപ്പി നിഖിൽ കുമാർ ദിവ്യ ഉണ്ണിക്ക് സമ്മാനിച്ച് പ്രകാശനം ചെയ്തു.
ബിജീഷ് കൃഷ്ണ (വോക്കൽ), ചാരുദത്തന്‍ വി (മൃദംഗം), സുരേഷ് നമ്പൂതിരി (വയലിൻ), സൗന്ദര രാജൻ (വീണ) എന്നിവർ പക്കമേളമൊരുക്കി. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി എന്നിവയിൽ തത്സമയ സംഗീത അകമ്പടിയോടെ 59 വിദ്യാർഥികൾ അരങ്ങേറ്റം കുറിച്ചു. അരങ്ങേറ്റ വിദ്യാര്‍ത്ഥികള്‍ക്കുള്ള ആദര സൂചകമായി നന്ദനത്തിലെ ജൂനിയർ കുട്ടികള്‍ ചെയിൻ ഡാൻസ് അവതരിപ്പിച്ചു. നന്ദനത്തിനോടൊപ്പം 12 വര്‍ഷത്തെ നൃത്തയാത്ര ചെയ്ത, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം അരങ്ങേറ്റം കുറിച്ച റിറ്റു മൈക്കിളിനു പ്രത്യേക അഭിനന്ദനം നൽകി.
നന്ദനം കുവൈറ്റ് “രംഗപ്രവേശം 2024”
അരങ്ങേറ്റത്തിൽ പങ്കെടുത്തവർക്ക് ദിവ്യാ ഉണ്ണി മെമന്റോകളും സർട്ടിഫിക്കറ്റുകളും നൽകി. മേക്കപ്പ് ആർട്ടിസ്റ്റുകളായ ബിജു മേരി വർഗീസ്, രസ്ന രാജ് എന്നിവരെയും മെമെന്റൊ നല്കി ആദരിച്ചു. കുമാരി നന്ദ പ്രസാദ് നന്ദി രേഖപ്പെടുത്തി.