GeneralKERALAMTHRISSUR

തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് സ്ഥിരം സംവിധാനം; ആവശ്യം ഉന്നയിച്ച് തിരുവമ്പാടി ദേവസ്വം

തൃശൂർ : തൃശൂർ പൂരത്തിന്റെ സുഗമമായ നടത്തിപ്പിന് സ്ഥിരം സംവിധാനം എന്ന ആവശ്യം ഉന്നയിച്ച് തിരുവമ്പാടി ദേവസ്വം. പൂരം നല്ല രീതിയിൽ നടത്താൻ ഉള്ള അനുമതി ദേവസ്വങ്ങൾക്ക് നൽകണം. ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം ചിട്ടപ്പെടുത്തിയ ക്രമങ്ങൾ തെറ്റുന്നതായും തിരുവമ്പാടി ദേവസ്വം പറഞ്ഞു. ആനയെഴുന്നെള്ളിപ്പ് വെടിക്കെട്ട് എന്നിവ സംബന്ധിച്ച് കൃത്യമായ നിയമം കൊണ്ടുവരണമെന്നും പ്രസിഡന്‍റ് സുന്ദര്‍ മേനോന്‍ ആവശ്യപ്പെട്ടു. പൂരം വെടിക്കെട്ട് അലങ്കോലമാക്കിയ കമ്മീഷണർക്കെതിരേ മാതൃകാപരമായ ശിക്ഷ നൽകണം. ഒരു ഹോം വർക്കും നടത്താതെ സ്വന്തം നിലയ്ക്ക് കമ്മീഷ്ണർ കാര്യങ്ങൾ ചെയ്തതായും .കമ്മീഷണറുടെ ജീവിതത്തിലെ കറുത്ത അധ്യായമാണിതെന്നും ഗുണ്ടാ, പൊലീസ് രാജായിരുന്നു അവിടെ നടന്നെതെന്നും തിരുവമ്പാടി ദേവസ്വം അഭിപ്രായപ്പെട്ടു. എസിപി സുദർശൻ ഇരുദേവ സ്വങ്ങളുമായി നല്ല ബന്ധത്തിൽ ആണ് പോയത്. അദ്ദേഹത്തിനെതിരെ നടപടി എടുക്കരുതെന്ന് മുഖ്യമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ട്. നടുവിലാൽ മുതൽ ശ്രീമൂലസ്ഥാനം വരെ ചാർജുള്ള ഒരു ഡിവൈഎസ്പി അപമര്യാദയായി പെരുമാറിയതായും ദേവസ്വം വ്യക്തമാക്കി. വടക്കുന്നാഥന് മുന്നിലെ ദീപസ്തംഭം കത്തിക്കുന്നത് തടഞ്ഞു. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി തോമസ് മതിയായ പാസ് നൽകിയില്ല തുടങ്ങിയ കാര്യങ്ങളും തിരുവമ്പാടി ദേവസ്വം അധികൃതർ വ്യക്തമാക്കി. പെരുമാറ്റ ചട്ടം നിലവിൽ വന്ന ശേഷം ഉദ്യോഗസ്ഥരുമായിട്ടാണ് ഇത്തവണ യോഗമുണ്ടായത്. രാത്രി മഠത്തിൽ വരവിന് റോഡ് അടയ്ക്കരുതെന്ന് വ്യക്തമാക്കിയിരുന്നു. ജനങ്ങളെ അകറ്റി നിർത്തിയ സ്ഥിതി ഇക്കൊല്ലവും തുടർന്നപ്പോൾ പൂരാസ്വാദനത്തിന് വഴിയൊരുക്കാൻ അഭ്യർഥിച്ചു. കമ്മീഷണറുടെ നിർദ്ദേശം പാലിച്ചേ പറ്റൂ എന്നാണ് ഞങ്ങളോട് ഉദ്യോഗസ്ഥർ പറഞ്ഞത്. തുടർന്നാണ് മഠത്തിൽ വരവ് നിർത്തി പന്തലണച്ചത്. നിർത്തിവയ്ക്കാതിരിക്കാൻ ഒരു വഴിയും ഉണ്ടായില്ല. ആവശ്യമില്ലാത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന് ബുദ്ധിമുട്ടിക്കുകയായിരുന്നു എന്നും തിരുവമ്പാടി ദേവസ്വം അധികൃതർ പറഞ്ഞു. ജില്ലാ കളക്ടറുടെ ഉറപ്പിലാണ് വീണ്ടും വെടിക്കെട്ട് നടത്താൻ സമ്മതിച്ചത്. കുടമാറ്റ സമയത്ത് സ്പെഷ്യൽ കുടകൾ കൊണ്ടു വരാൻ അനുവദിക്കാതിരിക്കുക, പട്ട കൊണ്ടുവരാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടായി. പൊലീസ് ജനകീയമാകണമെന്നും തിരുവമ്പാടി ദേവസ്വം ആവശ്യപ്പെട്ടു.