KERALAMTHRISSUR

വനിതാ രത്‌നം പുരസ്‌കാരം; നോമിനേഷനുകള്‍ ക്ഷണിച്ചു

തൃശൂര്‍ : വനിത ശിശു വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകളെ ആദരിക്കുന്നതിനുള്ള വനിതാ രത്‌നം പുരസ്‌കാരത്തിന് നോമിനേഷനുകള്‍ ക്ഷണിച്ചു. സാമൂഹ്യ സേവനം, കായികം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസമേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത, കലാരംഗം എന്നീ ആറുമേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. മറ്റു വ്യക്തികള്‍/ സ്ഥാപനങ്ങള്‍/ സംഘടനകള്‍ എന്നിവ മുഖേനയാണ് നോമിനേഷനുകള്‍ ക്ഷണിക്കുന്നത്. പ്രവര്‍ത്തന മേഖല സംബന്ധിച്ച വിവരം, ചിത്രങ്ങള്‍, പത്രക്കുറിപ്പുകള്‍, മറ്റു അനുബന്ധ രേഖകള്‍ എന്നിവ നോമിനേഷനുകള്‍ക്കൊപ്പം ഉള്ളടക്കം ചെയ്യണം. പുരസ്‌കാരത്തിനായി നോമിനേറ്റ് ചെയ്യപ്പെടുന്ന വ്യക്തി ജീവിച്ചിരിക്കുന്നയാളും കഴിഞ്ഞ അഞ്ചുവര്‍ഷമെങ്കിലും പ്രസ്തുത മേഖലയില്‍ പ്രവര്‍ത്തിച്ചവരും ആയിരിക്കണം. തൃശൂര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ കാര്യാലയത്തില്‍ ഒക്ടോബര്‍ 10 വരെ നോമിനേഷന്‍ സ്വീകരിക്കും. ഫോണ്‍: 0487 2994140.