THRISSUR

ഗൃഹശ്രീ ഭവന പദ്ധതി; സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും മന്ത്രി കെ രാജന്‍ നിര്‍വ്വഹിച്ചു

അയ്യന്തോള്‍: സംസ്ഥാന സര്‍ക്കാരിന്റെ 4-ാം വാര്‍ഷികത്തിന്റെ ഭാഗമായി നൂറു ദിന കര്‍മ്മപദ്ധതിയില്‍ ഉല്‍പ്പെടുത്തി ദുര്‍ബല വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ സബ്‌സിഡി അനുവദിച്ച് നല്‍കുന്ന സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഗൃഹശ്രീ ഭവന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും അനുമതി പത്രവിതരണവും റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിച്ചു. ലൈഫ് ഭവന പദ്ധതിയുടെ ലിസ്റ്റിൽ ഉൾപ്പെടാത്ത ഭവനരഹിതരായവർക്കുവേണ്ടിക്കൂടി ഒരു ഭവന നിർമ്മാണ പദ്ധതിയും സംസ്കാരവും ഉണ്ടാക്കാനുള്ള ലക്ഷ്യത്തിലാണ് കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് അതിൻ്റെ ഭാഗമായിട്ടുള്ള പദ്ധതികളിൽ ഒന്നാണ് ഗൃഹശ്രീ ഭവന നിർമ്മാണ പദ്ധതിയെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

എല്ലാവർക്കും വീട് എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് രണ്ടോ/ മുന്നോ സെൻ്റ് ഭൂമിയെങ്കിലും സ്വന്തമായി കൈവശമുള്ള താഴ്ന്ന വരുമാനവിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് സ്വന്തമായി ഒരു വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ സന്നദ്ധ സംഘടനകളുടെയും വ്യക്തികളുടെയും സഹായത്തോടെ പരമാവധി 3 ലക്ഷം രൂപ സർക്കാർ സബ്‌സിഡി നൽകികൊണ്ട് ഭവന നിർമ്മാണ ബോർഡ് വഴി നടപ്പിലാക്കുന്ന പദ്ധതിയാണ് ഗൃഹശ്രീ ഭവന പദ്ധതി. പദ്ധതിയിലൂടെ സംസ്ഥാനത്ത് ഇതുവരെ 3911 വീടുകൾക്ക് സർക്കാർ സബ്‌സിഡി അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ചു. 2024-25 ൽ ആരംഭിക്കുന്ന ഗൃഹശ്രീ ഭവന പദ്ധതിക്ക് സബ്‌സിഡിയായി സംസ്ഥാന സർക്കാർ 13.50 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

അയ്യന്തോള്‍ കോസ്റ്റ്‌ഫോര്‍ഡ് സി. അച്യുതമേനോന്‍ പഠന ഗവേഷണ കേന്ദ്രത്തിന്റെ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡ് ചെയർമാൻ ടി.വി ബാലൻ അധ്യക്ഷത വഹിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ എം.എൽ റോസി, ഭവന നിർമ്മാണ ബോർഡ് മെമ്പർ ഗീത ഗോപി, നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സാറാമ്മ റോബ്സൻ, ഭവന നിർമ്മാണ ബോർഡ് അഡീഷണൽ സെക്രട്ടറി കെ. ബാബു, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ചടങ്ങിന് ഭവന നിർമ്മാണ ബോർഡ് കൊച്ചി മേഖല എഞ്ചിനീയർ ടി.ആർ. മഞ്ജുള സ്വാഗതവും എക്സിക്യുട്ടീവ് എഞ്ചിനീയർ എസ്. ഗിരീശൻ നന്ദിയും പറഞ്ഞു.