THRISSUR

ഭൂമി ഇടപാടുകൾക്ക് സംയോജിത പോർട്ടൽ ഈ മാസം നിലവിൽ വരും റവന്യൂ മന്ത്രി കെ രാജൻ

വെള്ളാനിക്കര: കേരളത്തിൽ ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഒരു പോർട്ടലിൽ കൊണ്ടുവരുന്നതിനുള്ള സംയോജിത പോർട്ടൽ ഈ മാസം അവസാനം നിലവിൽ വരുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. വെള്ളാനിക്കര വില്ലേജിലെ ഡിജിറ്റൽ ലാൻ്റ് സർവ്വെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യയിൽ ആദ്യമായി ഭൂരേഖകൾ ഡിജിറ്റലാക്കിയ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം പറഞ്ഞു.

ഒന്നര വർഷം കൊണ്ട് 5 ലക്ഷം ഹെക്ടർ ഭൂമി അളക്കാൻ കഴിഞ്ഞത് വലിയ നേട്ടമാണ്. 222 വില്ലേജിൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചു. ജനങ്ങളുടെ എല്ലാ പരാതികളും പരിഹരിച്ച ശേഷം മാത്രമേ മുന്നോട്ടു പോകു എന്നും മന്ത്രി പറഞ്ഞു. ഏറ്റവും കൂടുതൽ പട്ടയം നൽകാൻ കഴിഞ്ഞ ഒരു കാലയളവാണിത്. 3 വർഷം കൊണ്ട് 1,80,000 പട്ടയങ്ങൾ വിതരണം ചെയ്യാൻ കഴിഞ്ഞു. മാടക്കത്തറ പഞ്ചായത്തിലെ തേറമ്പത്തെ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നവർക്ക് ഈ വർഷം തന്നെ പട്ടയം നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചു. വെള്ളാനിക്കര വില്ലേജിൽ 491 ഹെക്ടർ ഭൂമിയാണ് അളക്കാനുള്ളത്. 6 മാസം കൊണ്ട് ഈ ഭൂമി മുഴുവൻ ആധുനിക സർവ്വെ ഉപകരണങ്ങൾ ഉപയോഗിച്ച് സർവ്വെ ചെയ്ത് പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ് പ്രിൻസ് മുഖ്യാതിഥിയായി. സബ്ബ് കലക്ടർ അഖിൽ വി. മേനോൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര മോഹനൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ പി.എസ് വിനയൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.