THRISSUR

മുളയം ; പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണോദ്ഘാടനം നടത്തി

നടത്തറ: നടത്തറ പഞ്ചായത്തിലെ മണലി പുഴക്ക് കുറുകെ മുളയം – പണ്ടാരച്ചിറ ചെക്ക് ഡാമിൻ്റെ നിർമ്മാണോദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവ്വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കാലങ്ങളായുള്ള നാടിൻ്റെ ആവശ്യമാണ് ഈ ചെക്ക് ഡാമിലൂടെ സാക്ഷാത്ക്കരിക്കപ്പെടുന്നതെന്ന് മന്ത്രി പറഞ്ഞു. മുളയം, അച്ഛൻകുന്ന്, കൂട്ടാല തുടങ്ങി പ്രദേശങ്ങളിലെ കാർഷിക, ഗാർഹിക ആവശ്യങ്ങൾക്കുള്ള ജല ഭൗർലഭ്യത ഇതിലൂടെ പരിഹരിക്കാൻ സാധിക്കും.

പീച്ചി ഡാമിൻ്റെ 16 കി.മീ. താഴെയാണ് പണ്ടാര ചിറ എന്നതിനാൽ ആവശ്യത്തിനുള്ള ജലം ലഭ്യമായിരുന്നില്ല. പഴയ ചെക്ക് ഡാമിൻ്റെ ശോചനീയാവസ്ഥയും കണക്കിലെടുത്ത് റവന്യൂ മന്ത്രി കെ. രാജൻ മുൻകയ്യെടുത്താണ് ബഡ്ജറ്റിൽ പണം അനുവദിച്ചത്. നടത്തറ പഞ്ചായത്തിന് മാത്രമല്ല തൃശ്ശൂർ കോർപ്പറേഷൻ പരിസരങ്ങളിലും ഉപകാരപ്രദമാവുന്ന പദ്ധതിയാണിത്. 36 മീറ്റർ നീളത്തിലും രണ്ടര മീറ്റർ ഉയരത്തിലുമാണ് പുതിയ ചെക്ക് ഡാം നിർമ്മിക്കുന്നത്. 4 ഷട്ടറുകളാണ് പുതിയ ഡാമിന് ഉണ്ടാവുക. ജലസേചന വകുപ്പിൻ്റെ 5 പദ്ധതികളാണ് ഒല്ലൂർ മണ്ഡലത്തിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വളരെ വേഗത്തിൽ തന്നെ ഡാമിൻ്റെ നിർമ്മാണം പൂർത്തീകരിക്കണമെന്നും മന്ത്രി അധികൃതർക്ക് നിർദ്ദേശം നൽകി. ഒല്ലൂർ മണ്ഡലത്തിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളും സമയ ബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. ആർ.രവി മുഖ്യാതിഥിയായി പങ്കെടുത്തു. ജലസേചന വകുപ്പ് ചീഫ് എഞ്ചീനിയർ എം. ശിവദാസൻ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീവിദ്യാ രാജേഷ്, വൈസ് പ്രസിഡണ്ട് പി.ആർ. രജിത്ത്, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.