കല കുവൈറ്റ് – ലിറ്ററേച്ചർ ഫെസ്റ്റിവൽ – ഏപ്രിൽ 24, 25 തീയതികളിൽ
കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ (കല)യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 24, 25 തീയതികളിൽ നടത്തപ്പെടുന്ന പ്രഥമ കല കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ (KKLF) ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
ആസ്പയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂൾ വേദിയായ ഫെസ്റ്റിവൽ ഏപ്രിൽ 24ന് വൈകിട്ട് 6.30ന് ഉദ്ഘാടനം ചെയ്യും. ഏപ്രിൽ 25ന് രാവിലെ 9 മണിമുതൽ വിവിധ സാഹിത്യ സംവാദ സെഷനുകൾ അരങ്ങേറും. പ്രശസ്ത മലയാള എഴുത്തുകാരായ അശോകൻ ചരുവിൽ, ബെന്യാമിൻ, ഹരിത സാവിത്രി, പ്രിയ വിജയൻ ശിവദാസ്, കൈരളി ടിവി എക്സിക്യൂട്ടീവ് എഡിറ്റർ ശരത് ചന്ദ്രൻ എന്നിവർ പങ്കെടുക്കും.
ജിസിസി രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാരും കുവൈറ്റിലെ സാഹിത്യ-സാംസ്കാരിക പ്രവർത്തകരും പരിപാടിയിൽ പങ്കാളികൾ ആകും.
ഫെസ്റ്റിവലിന്റെ ഭാഗമായി മലയാളത്തിലെ പ്രിയ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായരുടെ പേരിൽ ‘എം.ടി. സാഹിത്യ പുരസ്കാരം’ പ്രവാസ ലോകത്തെ എഴുത്തുകാരന് സമ്മാനിക്കും. കുവൈറ്റ് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ജിസിസിയിലെ എഴുത്തുകാർക്കായി ഏർപ്പെടുത്തിയ പ്രഥമ ‘എം.ടി സാഹിത്യ പുരസ്കാരത്തിന് ‘ സൗദി അറേബ്യയിൽ നിന്നുള്ള എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ അർഹനായി . ‘ഗ്രിഗർ സാംസയുടെ കാമുകി’ എന്ന കഥാസമാഹാരമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അർഹനാക്കിയത്.
എട്ട് സെഷനുകളിൽ “മരുഭൂമിയിൽ ഇനിയെത്ര കഥകൾ ബാക്കിയുണ്ട്”, “ഇന്ദുലേഖ മുതൽ കുർബാൻ വരെ”, “ഒരു മുട്ടൻ ‘പണി’ വരുന്നുണ്ടമ്പാനേ”, “സ്ത്രീപക്ഷ രചനകൾ” തുടങ്ങി വിവിധ വിഷയങ്ങൾ ചർച്ചയാകും. കലയുടെ കലാകാരന്മാർ അവതരിപ്പിക്കുന്ന കവിതാ ആഖ്യാനം ‘കാവ്യവൈഖരി’, കുവൈറ്റിൽ നിന്നുള്ള എഴുത്തുകാർ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ പ്രദർശനം, ചിത്രപ്രദർശനം, ലൈവ് പെയിന്റിംഗ് എന്നിവയും പരിപാടിയുടെ ഭാഗമാണ്.
ഏപ്രിൽ 25ന് വൈകിട്ട് നടക്കുന്ന സമാപന സമ്മേളനത്തിൽ എം.ടി.പുരസ്കാരവും സാഹിത്യമത്സര വിജയികൾക്കുള്ള സമ്മാനവിതരണവും നടക്കും. ചടങ്ങിൽ കുവൈറ്റിലെ പ്രമുഖർ, മാധ്യമപ്രവർത്തകർ എന്നിവരും പങ്കെടുക്കും.
വാർത്താ സമ്മേളനത്തിൽ കല കുവൈറ്റ് പ്രസിഡണ്ട് മാത്യു ജോസഫ്, ജനറൽ സെക്രട്ടറി ടി.വി. ഹിക്മത്ത്, കെ.കെ.എൽ.എഫ് ചെയർമാൻ പ്രേമൻ ഇല്ലത്ത്, ജനറൽ കൺവീനർ മണികണ്ഠൻ വട്ടംകുളം, ട്രഷറർ പി.ബി. സുരേഷ്, ആക്ടിംഗ് മീഡിയ സെക്രട്ടറി പ്രസീത ജിതിൻ എന്നിവർ പങ്കെടുത്തു.



