അണ്ടത്തോട് ജി.എം.എൽ.പി. സ്കൂളിന് ഇനി പുതിയ കെട്ടിടം; ഉദ്ഘാടനം ഇന്ന്
പുന്നയൂർക്കുളം ഗ്രാമപഞ്ചായത്തിലെ 165 വർഷം പഴക്കമുള്ള അണ്ടത്തോട് ജി.എം.എൽ.പി. സ്കൂൾ ഇനി പുതിയ കെട്ടിടത്തിൽ പ്രവർത്തിക്കും. രാവിലെ 11 മണിക്ക് സ്കൂളിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം നിർവഹിക്കും. എൻ.കെ അക്ബർ എംഎൽഎ അധ്യക്ഷനാകും.
പുതിയേടത്ത് സോമൻ സൗജന്യമായി നൽകിയ 20 സെൻറ് സ്ഥലവും, ഗ്രാമപഞ്ചായത്ത് 25.17 ലക്ഷം രൂപ ചെലവഴിച്ച് വാങ്ങിയ 32 സെൻറ് സ്ഥലവും ചേർത്ത് മൊത്തം 52 സെന്റിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ എം.എൽ.എ ഫണ്ടിൽ നിന്നുള്ള 99.5 ലക്ഷം രൂപയും, പഞ്ചായത്ത് ഫണ്ടും നാഷണൽ റൂറൽ മിഷൻ ഫണ്ടും ചേർന്ന് 82.8 ലക്ഷം രൂപയും സംയുക്തമായി വിനിയോഗിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
5,756 ചതുരശ്ര അടിയിൽ ആധുനിക രീതിയിൽ നിർമിച്ച കെട്ടിടത്തിൽ ആറ് ക്ലാസ്റൂമുകൾ, സ്റ്റാഫ് റൂം, അടുക്കള എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.
രണ്ടാം ഘട്ടത്തിൽ കെട്ടിടത്തിനും ചുറ്റുമതിലിനുമായി മൂന്ന് കോടി രൂപയും, വർണകൂടാരത്തിനായി പത്ത് ലക്ഷം രൂപയും, സ്മാർട്ട് ക്ലാസ്റൂമിനായി എട്ട് ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതിൻ്റെ നിർമാണം ഉടനെ ആരംഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജാസ്മിൻ ഷഹീർ പറഞ്ഞു.



