അംബേദ്കർ ഗ്രാമ വികസനം; നിർമാണോദ്ഘാടനം മന്ത്രി കെ രാജൻ നിർവഹിച്ചു
ഒല്ലൂർ നിയോജകമണ്ഡലത്തിലെ അഞ്ചേരി മോഡൽ നഗറിൽ നടപ്പിലാക്കുന്ന ഒരു കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ നിർവഹിച്ചു. അംബേദ്കർ ഗ്രാമ വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പത്ത് കുടുംബങ്ങൾക്ക് വ്യക്തിഗത കുടിവെള്ള ടാങ്ക് വിതരണവും മന്ത്രി നിർവഹിച്ചു.
സംസ്ഥാന സർക്കാർ പട്ടികജാതി വികസന വകുപ്പ് അംബേദ്കർ ഗ്രാമ വികസനപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അഞ്ചേരി മോഡൽ നഗറിൽ നിർമാണ പ്രവൃത്തികൾ ആരംഭിക്കുന്നത്. ഭവന പുനരുദ്ധാരണം, കാന നിർമാണം, റോഡ് നവീകരണം, വ്യക്തിഗത കുടിവെള്ള ടാങ്ക്, നഗറിലേക്ക് ചുറ്റുമതിൽ നിർമാണം, കിണർ നവീകരണം തുടങ്ങിയവയാണ് നടപ്പിലാക്കുന്നത്.
മോഡൽ നഗർ പരിസരത്ത് നടന്ന നിർമാണോദ്ഘാടന ചടങ്ങിൽ മേയർ എം കെ വർഗീസ് അധ്യക്ഷത വഹിച്ചു. റീജിയണൽ എൻജിനീയർ എ. എം സതീദേവി റിപ്പോർട്ട് അവതരിപ്പിച്ചു. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വർഗീസ് കണ്ടംകുളത്തി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ഷാജൻ, കോർപ്പറേഷൻ സെക്രട്ടറി വി.പി.ഷിബു, പട്ടികജാതി വികസന ഓഫീസർ വി. പ്രബിത എന്നിവർ പങ്കെടുത്തു.



