THRISSUR

സർഗ്ഗസംസ്കൃതി തൃപ്രയാർ ഷൈൻ ഭാസ്ക്കരനെ ആദരിച്ചു

ഷൈൻ ഭാസ്ക്കരനെ സർഗ്ഗസംസ്കൃതി തൃപ്രയാർ അനുമോദിച്ചു

തൃപ്രയാർ: സംസ്ഥാനത്തിലെ മികച്ച ചെമ്മീൻ കർഷകനുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരത്തിന് അർഹനായ ഷൈൻ ഭാസ്ക്കരനെ അനുമോദിച്ച് സർഗ്ഗസംസ്കൃതി തൃപ്രയാർ സമ്മേളനം സംഘടിപ്പിച്ചു. ചടങ്ങിൽ ചെയർമാൻ ജയൻ ബോസ് അധ്യക്ഷനായിരുന്നു. പഞ്ചായത്ത് മെമ്പർ പി. വിനു ചടങ്ങ് ഉദ്ഘാടനം ചെയ്തു.

വൈസ് ചെയർമാൻ ആ. ആന്റോ തൊറയൻ, എഴുത്തുകാരി ലീന ജോസഫ്, പൊതുപ്രവർത്തകൻ പോൾ ചിറ്റിലപ്പിള്ളി, സോമസുന്ദരൻ കല്ലാറ്റ്, ആൻഡ്രൂസ് ജോസഫ്, രേണുക റിജു, വിനോഷ് വടക്കേടത്ത്, മാധ്യമ പ്രവർത്തകരായ സതീഷ് കല്ലയിൽ, രാജേഷ് മുറ്റിച്ചൂർ, റിജു കണക്കന്തറ എന്നിവർ സംസാരിച്ചു.

മത്സ്യവികസന വകുപ്പിൻ്റെ അക്വാ മിഷനുമായി സംയുക്തമായി സംസ്ഥാനത്തെ മികച്ച കർഷകരെ തിരഞ്ഞെടുത്ത പരിപാടിയുടെ ഭാഗമായാണ് ഷൈൻ ഭാസ്ക്കരനെ തെരഞ്ഞെടുക്കപ്പെട്ടത്. കൃഷിയിലെ ഉത്പാദനക്ഷമത, സാങ്കേതിക വിദ്യയുടെ ഉപയോഗം, പരിസ്ഥിതി സൗഹൃദത്വം, സാമൂഹിക പ്രതിബദ്ധത തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു തിരഞ്ഞെടുപ്പ്.

കൊടുങ്ങല്ലൂരിലാണ് അഭിഭാഷകനും ഹോട്ടൽ വ്യവസായിയുമായ ഷൈൻ ഭാസ്ക്കരൻ ആദ്യമായി ചെമ്മീൻ കൃഷിക്ക് തുടക്കം കുറിച്ചത്. പ്രാരംഭത്തിൽ കടുത്ത പ്രതിസന്ധികൾ നേരിട്ടുവെങ്കിലും നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി കൃഷിയെ വിജയകരമാക്കിയ ഷൈൻ, ഇന്ന് സംസ്ഥാനത്തെ ഏറ്റവും മികച്ച ഫിഷ് ഫാം ഉടമയായി മാറിയിരിക്കുകയാണ്.

2014-ൽ ജൂനിയർ ചേമ്പർ ഇന്റർനാഷണൽ (JCI)-യുടെ ആഗോള തലത്തിൽ അന്താരാഷ്ട്ര പ്രസിഡണ്ടായും ഷൈൻ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.നാട്ടികയിൽ തൻ്റെ വീടിനോട് ചേർന്നുള്ള പുരയിടത്തിലും ഷൈൻ നിരവധി ഫല-വൃക്ഷങ്ങളുടെ മനോഹരമായ തോട്ടം വളർത്തിയെടുത്തിട്ടുണ്ട്.