മാടക്കത്തറ ഗ്രാമപഞ്ചായത്ത് പനംമ്പിള്ളി കാർഗിൽ റോഡ് ഉദ്ഘാടനം
മാടക്കത്തറ ഗ്രാമപഞ്ചായത്ത് പനമ്പിള്ളി കാർഗിൽറോഡ് ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നിർവ്വഹിച്ചു. മാടക്കത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇന്ദിര മോഹനൻ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിൻസി ഷാജി മുഖ്യാതിഥിയായി.
മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ റോഡുകളുടെ കാര്യത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ ഉണ്ടായതായി ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് മന്ത്രി പറഞ്ഞു. കരുമാത്ര – പൊങ്ങണംകാട് റോഡിൻ്റെ നിർമാണം പൂർത്തിയാകുന്നതോടെ പി ഡബ്യു ഡി റോഡുകളെല്ലാം ബി എം ബി സി ആകുന്ന ജില്ലയിലെ ആദ്യ പഞ്ചായത്തായി മാടക്കത്തറ ഗ്രാമപഞ്ചായത്ത് മാറുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയും മാടക്കത്തറ ഗ്രാമപഞ്ചായത്ത് വിഹിതം അഞ്ച് ലക്ഷം രൂപയും ചെലവഴിച്ചാണ് രണ്ടാം വാർഡിലെ പനമ്പിള്ളി കാർഗിൽ റോഡിൻ്റെ നിർമാണം പൂർത്തിയാക്കിയത്.
മാടക്കത്തറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സണ്ണി ചെന്നിക്കര, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സാവിത്രി രാമചന്ദ്രൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ കെ. പി. പ്രശാന്ത്, മാടക്കത്തറ ഗ്രാമപഞ്ചായത്ത് സെക്രട്ടറി അരുൺ. ടി ജോൺ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്തംഗങ്ങൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



