തൃശ്ശൂർ ഓണാഘോഷം വിപുലമായി സംഘടിപ്പിക്കും
ആഘോഷങ്ങൾ ലഹരിമുക്തമാക്കുക ലക്ഷ്യം: മന്ത്രി കെ. രാജൻ
ഓണം വിപുലമായി ആഘോഷിക്കാൻ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗത്തിൽ തീരുമാനമായി. കളക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ ചേർന്ന യോഗം റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
ആഘോഷങ്ങൾ ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാകണം ഇത്തവണത്തെ ഓണാഘോഷമെന്ന് മന്ത്രി പറഞ്ഞു. കൂടാതെ, നഗരത്തെ ദീപലാങ്കൃതമാക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണം. വീട്ടമ്മമാരെയും കൂടി ഉൾപ്പെടുത്തി വേണം കലാപരിപാടികൾ ആസൂത്രണം ചെയ്യുവാനെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ യോഗത്തിൽ അധ്യക്ഷനായി. പീച്ചി, വാഴാനി, സ്നേഹതീരം, തുമ്പൂർമുഴി, ചാവക്കാട് എന്നിവിടങ്ങൾക്ക് പുറമേ മുസരിസിലും ഡി.ടി.പി.സി.യുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്താൻ യോഗത്തിൽ തീരുമാനമായി. ഓണത്തോടനുബന്ധിച്ച് ജില്ലയിൽ നടക്കുന്ന കണ്ടശ്ശാംകടവ് ജലോത്സവം ഉൾപ്പെടെ വിവിധ വള്ളംകളികളും ജില്ലാതല ഓണാഘോഷത്തിൻ്റെ ഭാഗമാക്കും. സെപ്തംബർ നാലിന് വൈകിട്ട് തുടങ്ങുന്ന ഓണാഘോഷം എട്ടിന് പുലിക്കളിയോടെ അവസാനിക്കും.
മന്ത്രി കെ. രാജൻ ചെയർപേഴ്സണായ സംഘാടക സമിതിയും രൂപീകരിച്ചു. ഉന്നത വിദ്യാഭ്യാസ, സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു, കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം സഹമന്ത്രി സുരേഷ് ഗോപി, മേയർ എം.കെ. വർഗീസ്, കെ. രാധാകൃഷ്ണൻ എം.പി., ബെന്നി ബെഹ്നാൻ എം.പി., ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വി.എസ്. പ്രിൻസ് എന്നിവർ മുഖ്യരക്ഷാധികാരികളാകും. ജില്ലാ കളക്ടർ ജനറൽ കൺവീനറായും പി. ബാലചന്ദ്രൻ എം.എൽ.എ. കൺവീനറായും പ്രവർത്തിക്കും. ജില്ലയിലെ എം.എൽ.എമാർ ചെയർപേഴ്സൺമാരായ വിവിധ ഉപസമിതികളും യോഗത്തിൽ രൂപീകരിച്ചു.
എം.എൽ.എമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, എൻ.കെ. അക്ബർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാചന്ദ്രൻ, ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ. രവി, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി. രവീന്ദ്രൻ, പോർക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. കെ. രാമകൃഷ്ണൻ, സബ് കളക്ടർ അഖിൽ വി. മേനോൻ, അസിസ്റ്റൻ്റ് കളക്ടർ സ്വാതി റാത്തോർ, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേംഭാഷ്, ഡി.ടി.പി.സി. സെക്രട്ടറി സി. വിജയരാജ്, ജനപ്രതിനിധികൾ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.



