THRISSUR

എളവള്ളി തരിശ് രഹിത ഗ്രാമം പദ്ധതിക്ക്‌ തുടക്കമായി

നടീൽ ഉത്സവം സംഘടിപ്പിച്ചു

മണലൂർ നിയോജക മണ്ഡലത്തിലെ തരിശു രഹിത ഗ്രാമമാക്കി മാറ്റുന്ന എളവള്ളി ഗ്രാമപഞ്ചായത്തിൽ കാർഷിക പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ ഒന്നാം വാർഡിൽ ശ്രീ ഗോകുലം പബ്ലിക് സ്കൂളിൽ കൃഷിയിറക്കി പദ്ധതി ആരംഭിച്ചു. സിലബസിനൊപ്പം കാർഷിക പാഠങ്ങളും അഭ്യസിക്കുകയാണ് സ്കൂളിലെ കുട്ടി കർഷകർ. വെണ്ട, തക്കാളി, മുളക്, വഴുതന എന്നീ പച്ചക്കറികളാണ് കൃഷിയിറക്കിയത്. ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് പദ്ധതിക്ക് ആവശ്യമായ നടീൽ വസ്തുക്കൾ വിതരണം ചെയ്തു.

തരിശു രഹിത ഗ്രാമം സൃഷ്ടിക്കുന്നതിനായി പഞ്ചായത്തിൽ മുരളി പെരുനെല്ലി എം.എൽ.എയുടെ നേതൃത്വത്തിൽ സംഘാടക സമിതി രൂപീകരിച്ച് കാർഷിക പ്രവർത്തനങ്ങൾ വേഗത്തിലാക്കി വരികയാണ്. ഇതിൻ്റെ ഭാഗമായി എളവള്ളി ഗ്രാമപഞ്ചായത്തിലെ പതിനാറ് വാർഡുകളിലും സംഘാടക സമിതികൾ രൂപീകരിച്ച് വാർഡുതലത്തിൽ അനുയോജ്യമായ കൃഷിയിടങ്ങൾ കണ്ടെത്തി. മണ്ണ് പരിശോധിച്ച് ആവശ്യമായ വിളകൾ തിരഞ്ഞെടുത്ത് കാർഷിക ഗ്രാമമായ എളവള്ളിയെ തരിശുരഹിത ഗ്രാമമാക്കി ഉയർത്തുകയാണ്.

സ്കൂളിൽ നടന്ന നടീൽ ഉത്സവം മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലതി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. എളവള്ളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിയോ ഫോക്സ് അധ്യക്ഷനായി. ചിറ്റാട്ടുകര സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് അബ്ദുൾ ഹക്കീം, ഡയറക്ടർമാരായ മോഹനൻ വാഴപ്പിള്ളി, സുനിത വിജയൻ, സ്കൂൾ പ്രിൻസിപ്പാൾ ഡോ.ലത മനോജ്, അഡ്മിനിസ്ട്രേഷൻ ഓഫീസർ സിത്താര ധനനാഥ് എന്നിവർ സംസാരിച്ചു.