ജില്ലാതല നിക്ഷേപക സംഗമവും ബാങ്കേഴ്സ് മീറ്റും നടന്നു
തൃശ്ശൂർ ജില്ലാതല നിക്ഷേപക സംഗമവും ബാങ്കേഴ്സ് മീറ്റും റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സർക്കാർ സംരംഭങ്ങളെ പ്രോത്സാഹിപ്പിച്ച് കേരളത്തിൽ നിരവധി നിക്ഷേപങ്ങൾ കൊണ്ടുവരികയാണെന്ന് ഉദ്ഘാടനം ചെയ്ത് സംസാരിക്കവവെ മന്ത്രി പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും മികച്ച നിക്ഷേപക സൗഹൃദ സംസ്ഥാനമായി കേരളം മാറി. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് ഒറ്റക്കെട്ടായി നിരവധി സ്വകാര്യ നിക്ഷേപവും തൊഴിലും സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന വ്യവസായ വാണിജ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രമാണ് ജില്ലാതല നിക്ഷേപക സംഗമവും ബാങ്കേഴ്സ് മീറ്റും സംഘടിപ്പിച്ചത്. ജില്ലയിൽ നടപ്പിലാക്കിവരുന്ന വിവിധ നിക്ഷേപ പദ്ധതികളുടെയും ധനകാര്യ സ്ഥാപനങ്ങളുടെ പദ്ധതിയുടെയും അവതരണം നടന്നു. സംരംഭകരും ബാങ്കുകളും തമ്മിലുള്ള മുഖമുഖം പരിപാടിയും വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ അനുമതികളുമായി ബന്ധപ്പെട്ട പാനൽ ചർച്ചയും സംഘടിപ്പിച്ചു.
തൃശ്ശൂർ ഗരുഡ ഹോട്ടലിൽ നടന്ന പരിപാടിയിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എസ് ഷീബ സ്വാഗതവും ജില്ലാ വ്യവസായ കേന്ദ്രം മാനേജർ പി ആർ സിന്ധു നന്ദിയും പറഞ്ഞു. കെ കെ രാമചന്ദ്രൻ എം എൽ എ, കെ എസ് എസ് ഐ എ ജില്ലാ പ്രസിഡണ്ട് ഫിലിപ്പ് എ മുളക്കൽ, ലീഡ് ബാങ്ക് മാനേജർ ഇ കെ അജയ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജർ മാരായ ജി പ്രണാപ്, കെ ആർ ബിന്ദു, കെ എ ജാസ്മിൻ തുടങ്ങിയവർ പങ്കെടുത്തു.



