THRISSUR

6.13 കോടി രൂപയുടെ വിറ്റുവരവുമായി ജില്ലയിലെ കെ-സ്റ്റോറുകള്‍

നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ബാങ്കിങ് വരെ ഒരു കുടക്കീഴില്‍

നിത്യോപയോഗ സാധനങ്ങള്‍ മുതല്‍ ബാങ്കിങ് സേവനങ്ങൾവരെ ഒരുക്കി ജില്ലയിലെ കെ-സ്റ്റോറുകളില്‍ നിന്നും ഇതുവരെ 6,13,66,475 രൂപയ്ക്കുള്ള സാധനങ്ങളുടെ വില്‍പ്പന നടത്തി സംസ്ഥാനത്തുതന്നെ മികച്ച മാതൃകയായിരിക്കുകയാണ് ജില്ലയിലെ കെ-സ്റ്റോറുകള്‍. കഴിഞ്ഞ ജൂലൈ മാസം മാത്രം ജില്ലയിലെ കെ-സ്റ്റോറുകളില്‍ നിന്നും 55,81,150 രൂപയുടെ സാധനങ്ങള്‍ വില്‍പ്പന നടത്തി.

പഴയ കടമുറികളില്‍ നിന്നും മാറി റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തി നല്ല സ്മാര്‍ട്ടായ സൗകര്യങ്ങളിലേക്ക് മാറിയിരിക്കുകയാണ് ജില്ലയിലെ 516 റേഷന്‍ കടകളും. കെ-സ്റ്റോറുകളിലൂടെ അരിയും ഗോതമ്പും മണ്ണെണ്ണയും മാത്രമല്ല, വീടുകളിലേക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളോടൊപ്പം മില്‍മയുടെ പാലും ശബരി ഉത്പ്പന്നങ്ങളും എംഎസ്എംഇ കളുടെ മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങളും ഗ്യാസും മിനി ബാങ്കിങ് സേവനങ്ങളും ഒരു കുടക്കീഴില്‍ ലഭ്യമാണിപ്പോൾ.

2023 മെയ് 14 ന് തൃശ്ശൂരിലെ 311-ാം നമ്പര്‍ റേഷന്‍കടയിലാണ് കേരളത്തിലെ ആദ്യത്തെ കെ-സ്റ്റോർ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തത്. റേഷന്‍ കടകളുടെ പശ്ചാത്തല സൗകര്യം വിപുലമാക്കി സ്മാര്‍ട്ട് കാര്‍ഡുകളുടെ സഹായത്തോടെ മിനി ബാങ്കിങ്, യൂട്ടിലിറ്റി പേയ്‌മെൻ്റ്, ഗ്യാസ് വിതരണം, മില്‍മ ഉല്‍പ്പന്നങ്ങള്‍, സപ്ലൈകോയുടെ ശബരി ബ്രാന്‍ഡ് ഉല്‍പ്പന്നങ്ങള്‍, എംഎസ്എംഇ ഉല്‍പ്പന്നങ്ങള്‍ എന്നിവ ഇപ്പോൾ കെ-സ്റ്റോറിലൂടെ ലഭ്യമാക്കുന്നു.

ജില്ലയില്‍ ഏഴ് താലൂക്കുകളിലായി 1147 റേഷന്‍കടകളില്‍ 516 റേഷന്‍ കടകളാണ് കെ-സ്റ്റോറുകളായത്. ചാലക്കുടി താലൂക്കില്‍ 61, ചാവക്കാട് 95, കൊടുങ്ങല്ലൂര്‍ 45, കുന്നംകുളം 42, മുകുന്ദപുരം 67, തലപ്പിള്ളി 56, തൃശ്ശൂര്‍ 150 റേഷന്‍ കടകളും കെ-സ്റ്റോറുകളായി.

കെ സ്റ്റോര്‍ സേവനങ്ങളോടൊപ്പം തൃശ്ശൂര്‍ ജില്ലയില്‍ ഭക്ഷ്യ-പൊതുവിതരണ വകുപ്പിൻ്റെ ജനകീയമായ നിരവധി പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. അവശതയനുഭവിക്കുന്നവര്‍ക്ക് റേഷന്‍ സാധനങ്ങള്‍ വീട്ടിലെത്തിക്കുന്ന ‘ഒപ്പം’ പദ്ധതിയും സഞ്ചരിക്കുന്ന റേഷന്‍ കടകള്‍ മുഖേന കെ-സ്റ്റോര്‍ സൗകര്യങ്ങള്‍ ആദിവാസി ഉന്നതികളില്‍ എത്തിക്കുന്ന പദ്ധതിയും ജില്ലയില്‍ ആരംഭിച്ചു. ജില്ലയിൽ 15 ആദിവാസി ഉന്നതികളിലായി 520 കുടുംബങ്ങള്‍ക്ക് സഞ്ചരിക്കുന്ന റേഷന്‍ കടകളുടെ പ്രയോജനം ഇപ്പോൾ ലഭിക്കുന്നുണ്ട്.

ജില്ലയില്‍ 53,597 അന്ത്യോദയ, അന്നയോജന കാര്‍ഡുകളും 3,24,456 മുന്‍ഗണനാ വിഭാഗം കാര്‍ഡുകളും 2,42,735 പൊതുവിഭാഗം സബ്‌സിഡി കാര്‍ഡുകളും 2,88,576 പൊതുവിഭാഗം കാര്‍ഡുകളും 4,798 പൊതുവിഭാഗം സ്ഥാപനങ്ങളുടെ കാര്‍ഡുകളുമാണുള്ളത്.

ഭക്ഷ്യധാന്യങ്ങള്‍ പോലുള്ള ചുരുക്കം ചില റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കിവന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുവാനുതകുംവിധം മാറ്റിയെടുത്തുകൊണ്ട് സംസ്ഥാനത്തെ റേഷന്‍കടകളുടെ പശ്ചാത്തല സൗകര്യം വികസിപ്പിച്ചും, ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സേവന സൗകര്യങ്ങള്‍ ഒരുക്കിയും കെ-സ്റ്റോറുകള്‍ സ്മാര്‍ട്ടായി മുന്നേറുകയാണ്.