എടത്തിരുത്തി സർക്കാർ വിത്തുല്പാദന കേന്ദ്രത്തിൽ ചെണ്ടുമല്ലി വിളവെടുപ്പ് നടത്തി
എടത്തിരുത്തി വിത്തുല്പാദന കേന്ദ്രത്തിൽ വിസ്മയ കാഴ്ചയായി നിൽക്കുന്ന ചെണ്ടുമല്ലിപ്പാടം വിളവെടുപ്പ് നടത്തി. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മഞ്ജുള അരുണൻ ചെണ്ടുമല്ലി കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു.
ഓണവിപണി ലക്ഷ്യമിട്ട് വിത്തുല്പാദന കേന്ദ്രത്തിലെ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തൊഴിലാളികളാണ് ചെണ്ടുമല്ലി നട്ടുവളർത്തി വിജയകരമായി പൂർത്തീകരിച്ചത്. കേന്ദ്രത്തിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന മീൻ വളർത്തൽകുളത്തിന് ചുറ്റുമാണ് മഞ്ഞ, ചുവപ്പ് ജമന്തി പൂകൃഷി ഒരുക്കിയിട്ടുള്ളത്.
2000 ഗ്രോ ബാഗുകളിലായാണ് ചെണ്ടുമല്ലി പൂത്തു നിൽക്കുന്നത്. ഓണത്തിൻ്റെ വരവറിയിച്ച് പൂത്തുലഞ്ഞ ചെണ്ടുമല്ലിപ്പാടം കാണാനും വാങ്ങാനും നിരവധി പേരാണ് കേന്ദ്രത്തിൽ എത്തുന്നത്. വിത്തുല്പാദന കേന്ദ്രത്തിൽ എത്തുന്ന ആവശ്യക്കാർക്ക് ആവശ്യനുസരണം പൂ ഇറുത്തു നൽകുകയാണ് ചെയ്യുന്നത്.
സീനിയർ കൃഷി ഓഫീസർ എസ്.മിനി, കൃഷി അസിസ്റ്റൻ്റ് ബി.പ്രതീഷ്, മറ്റു ഉദ്യോഗസ്ഥരും, തൊഴിലാളികളും ചടങ്ങിൽ പങ്കെടുത്തു.



