തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൽ തൊഴിൽമേള സംഘടിപ്പിച്ചു
വിജ്ഞാനകേരളം വിജ്ഞാന തൃശൂർ പദ്ധതിയുടെ ഭാഗമായി തളിക്കുളം ബ്ലോക്ക് പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ സഫലം എന്ന പേരിൽ നാട്ടിക എസ്.എൻ ഹാളിൽ നടന്ന പ്രാദേശിക തൊഴിൽ മേള ജില്ലാപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൺ പി.എം അഹമ്മദ് ഉദ്ഘാടനം ചെയ്തു. 200ഓളം ഉദ്യോഗാർത്ഥികൾ പങ്കെടുത്ത തൊഴിൽ മേളയിൽ 145 പേർ വിവിധ ഒഴിവുകളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 38 പേരെ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തി.
മേളയിൽ ലുലു, മണപ്പുറം, എച്ച്ഡിഎഫ്സി, ഐസിഐസിഐ, എൽഐസി, തുടങ്ങി വൻകിടകമ്പനികളും പ്രാദേശിക സ്ഥാപനങ്ങളുമടക്കം ഇരുപത്തിനാല് കമ്പനികൾ 500ഓളം ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തേടിയെത്തി.
ഗ്രാഫിക് ഡിസൈനർ, ഫിനാൻഷ്യൽ അഡ്വൈസർ, ലാബ് ടെക്‌നിഷ്യൻ, ഇൻഷുറൻസ് അഡ്വൈസർ, അസിസ്റ്റന്റ് പ്രൊജക്റ്റ് മാനേജർ, ബ്യുട്ടീഷൻ തുടങ്ങി 30,000 രൂപ വരെ തുടക്ക ശമ്പളം നൽകുന്ന വിവിധ തൊഴിലവസരങ്ങളും
പിഎഫ്, ഇഎസ്ഐ, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളോടുകൂടിയ തൊഴിലവസരങ്ങളും മേളയിൽ ഉണ്ടായിരുന്നു.
ചടങ്ങിൽ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.സി പ്രസാദ് അധ്യക്ഷത വഹിച്ചു. നാട്ടിക പഞ്ചായത്ത് പ്രസിഡണ്ട് എം.ആർ ദിനേശൻ, തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ കെ.ബി സുരേഷ്‌കുമാർ, ബ്ലോക്ക് മെമ്പർമാരായ ജൂബി പ്രദീപ്, കെ.ബി.സുധ, തളിക്കുളം ബ്ലോക്ക് ജെ.ബി.ഡി.ഒ പി.പി സലാഹുദ്ദീൻ, വിജ്ഞാന കേരളം ജില്ലാ പ്രോഗ്രാം ഓഫീസർ കെ.ജെ സിതാര തുടങ്ങിയവർ സംസാരിച്ചു. പഞ്ചായത്ത് അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ജോബ് സ്റ്റേഷൻ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



