നന്തിക്കര ജി.വി.എച്ച്.എസ്. സ്‌കൂളിൽ പഞ്ചായത്ത് കളിക്കളം പദ്ധതിക്ക് തുടക്കം
കായിക മേഖലയുടെ ജനകീയവത്കരണം ലക്ഷ്യമിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. അതിനുള്ള ഒരു സ്വപ്ന പദ്ധതിയാണ് ‘ഒരു പഞ്ചായത്തിന് ഒരു കളിക്കളം’ എന്ന് സംസ്ഥാന കായിക, ന്യൂനപക്ഷ ക്ഷേമ, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ. പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ നന്തിക്കര ജി.വി.എച്ച്.എസ് സ്കൂളിലെ കളിസ്ഥലത്തിൻ്റെ വികസനം നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ഒരു പഞ്ചായത്തിൽ ഒരു കളിക്കളം പദ്ധതിയിലുൾപെടുത്തി സംസ്ഥാന കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും പുതുക്കാട് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപയും ഉൾപ്പെടുത്തി ഒരു കോടി രൂപ വിനിയോഗിച്ചാണ് നന്തിക്കര ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കളിസ്ഥലത്തിൻ്റെ വികസനം നടത്തുന്നത്.
ഏറ്റവും കൂടുതൽ പഞ്ചായത്ത് കളിക്കളങ്ങൾ ഒരുക്കുന്ന ജില്ലകളിൽ ഒന്നാണ് തൃശ്ശൂർ. നിലവിൽ 15 കളിക്കളങ്ങളാണ് ജില്ലയിൽ ഒരുക്കുന്നത്. കായിക, ശാരീരിക ക്ഷമതാ പ്രവർത്തനത്തിന് പ്രോത്സാഹനമേകാൻ ഇത്തരം കളിക്കളങ്ങൾ സഹായിക്കുമെന്നും ഇതുവഴി പുതിയ കായികതാരങ്ങൾക്ക് വളരാൻ വഴിയൊരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഒരു പഞ്ചായത്തിന് ഒരു കളിക്കളം പദ്ധതി പ്രകാരം സംസ്ഥാനത്ത് 18 കളിക്കളങ്ങൾ പൂർത്തിയായി. 76 എണ്ണത്തിൻ്റെ നിർമ്മാണം പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.
പ്രാദേശിക തലത്തിൽ കായിക പ്രവർത്തനങ്ങളുടെ പ്രാധാന്യം വളരെ വലുതാണ്. അതുകൊണ്ടുതന്നെ ഈ ദിശയിലുള്ള നല്ല ഇടപെടലുകളാണ് സർക്കാർ നടത്തുന്നതെന്നും മന്ത്രി പറഞ്ഞു. കേരളത്തിൻ്റെ കായിക വളർച്ചയിലും ആരോഗ്യമുള്ള സമൂഹ സൃഷ്ടിയിലും പഞ്ചായത്ത് കളിക്കളം പ്രധാന പങ്കുവഹിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
നന്തിക്കര ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ കെ കെ രാമചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലത ചന്ദ്രൻ മുഖ്യാതിഥിയായി. സ്പോർട്സ് കേരള ഫൗണ്ടേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മുഹമ്മദ് അഷറഫ് പദ്ധതി വിശദീകരണം നടത്തി.
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ.കെ അനൂപ്, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബീന സുരേന്ദ്രൻ, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കാർത്തിക ജയൻ, ഗ്രാമപഞ്ചായത്ത് വിവിധ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. സി പ്രദീപ്, എൻ. എം പുഷ്പാകരൻ, എം.കെ ഷൈലജ, പറപ്പൂക്കര ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി എൻ നിധിൻ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ഇൻചാർജ് കെ. ജയശ്രീ, പിടിഎ പ്രസിഡണ്ട് സുനിൽ കൈതവളപ്പിൽ, വാർഡ് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.



