THRISSUR

തൃശൂർ ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ വർണാഭമായ ഓണാഘോഷം

ഗവൺമെൻ്റ് മോഡൽ ഗേൾസ് ഹൈസ്കൂളിൽ ഓണാഘോഷ പരിപാടികൾ വർണാഭമായി സംഘടിപ്പിച്ചു. പരമ്പരാഗത വേഷവിധാനങ്ങളോടെയും വിവിധ കലാപരിപാടികളോടെയും വിദ്യാർത്ഥിനികൾ ഓണാഘോഷത്തിൽ പങ്കെടുത്തു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബാലകൃഷ്ണൻ പി.എം ഓണാഘോഷം ഉദ്ഘാടനം ചെയ്തു. ഓണത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ചും കേരളത്തിൻ്റെ തനത് പാരമ്പര്യത്തെക്കുറിച്ചും അദ്ദേഹം വിദ്യാർത്ഥിനികൾക്ക് സന്ദേശം നൽകി. സാഹോദര്യത്തിൻ്റെയും ഐശ്വര്യത്തിൻ്റെയും ആഘോഷമാണ് ഓണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രധാനാധ്യാപിക ബിന്ദു കെ.പി., നൂൺ മീൽ ഓഫീസർ നിഷ,
സീനിയർ അസിസ്റ്റൻ്റ് സുനില ടി.ടി., സ്റ്റാഫ് സെക്രട്ടറി സംഗീത പി.എസ്., പിടിഎ പ്രസിഡണ്ട് രേഷ്മ മനീഷ്കുമാർ എന്നിവരും ഓണാശംസകൾ നേർന്നു. ഓണക്കാലത്തെ ഒത്തൊരുമയുടെയും പങ്കുവെക്കലിൻ്റെയും പ്രാധാന്യം അവർ എടുത്തുപറഞ്ഞു.

വിദ്യാർത്ഥിനികൾ ഒരുക്കിയ മനോഹരമായ പൂക്കളവും വിവിധ ഓണക്കളികളും ഓണപ്പാട്ടുകളും ആഘോഷത്തിന് മാറ്റുകൂട്ടി. പരസ്പരം ആശംസകൾ കൈമാറിയും ഓണസദ്യ പങ്കുവെച്ചും എല്ലാവരും സന്തോഷത്തോടെ ഓണാഘോഷം ഗംഭീരമാക്കി.