FEATURED

മിഡ്‌ലൈൻ ന്യൂസ് | ‘എന്റെ നാട് ’ പരമ്പര | അഡ്വ: ഷാജി ജെ കോടൻകണ്ടത്ത്

തൃശൂർ പട്ടണത്തിന്റെ മുഖച്ഛായ മാറാൻ

സാമൂഹിക-രാഷ്ട്രീയ രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തുന്ന വ്യക്തിത്വം കെ പി സി സി സെക്രട്ടറി
അഡ്വ: ഷാജി ജെ കോടൻകണ്ടത്ത് ആണ് മിഡ്‌ലൈൻ ന്യൂസ് “എന്റെ നാട് “പരമ്പരയിലെ ഇന്നത്തെ അതിഥി. തൃശൂർ പട്ടണം കേന്ദ്രീകരിച്ചുള്ള പ്രവർത്തനമണ്ഡലം ആയത് കൊണ്ട് തന്നെ ഷാജി കോടൻകണ്ടത്തിന് തൃശൂരിലെ ഇനിയും പരിഹരിക്കപ്പെടാതെ തുടരുന്ന നിരവധി പ്രശ്നങ്ങൾ ആണ് ചൂണ്ടി കാട്ടാനുള്ളത് . തൃശൂരിലെ രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വം . നിരവധി പൊതുകാര്യ പ്രസക്തമായ വിഷയങ്ങൾ കോടതിയുടെ ശ്രദ്ധയിൽ പെടുത്തി പരിഹാരമുണ്ടാക്കിയതിലൂടെ ദേശിയ തലത്തിൽ തന്നെ അറിയപ്പെടുന്ന വ്യക്തിത്വം എന്ന നിലയിലും സുപരിചിതനാണ് ഷാജി കോടൻകണ്ടത്ത്. തൃശൂരിലെ പ്രമുഖ അഭിഭാഷകൻമാരുടെ നിരയിലും പ്രധാന മുഖമായ അദ്ദേഹത്തിന് പറയാനുള്ള വിഷയങ്ങൾ നോക്കാം.

“താഴെപ്പറയുന്ന പ്രധാനപ്പെട്ട ആവശ്യങ്ങൾ തൃശ്ശൂർ ജനതയുടെ കാത്തിരിപ്പുകളാണ്. ഇവ അത്യാവശ്യമായി പരിഗണിക്കാൻ ഭരണ സിരാകേന്ദ്രങ്ങളിൽ ഉള്ളവരുടെ ശ്രദ്ധ ക്ഷണിക്കുകയും ശക്തമായ ഇടപെടലിലൂടെ യാഥാർത്ഥ്യമാക്കുകയും ചെയ്യണമെന്ന് അഭ്യർത്ഥനയോടെ എന്റെ ശ്രദ്ധയിൽ പെട്ട കുറച്ചു കാര്യങ്ങൾ സൂചിപ്പിക്കുകയാണ്

  1. അമല ബൈപാസ്‌ പദ്ധതി
    തൃശ്ശൂരിൽ ഗതാഗത കുരുക്കിന് പരിഹാരമായി തൃശൂർ നിവാസികൾ ഏറെക്കാലമായി ആഗ്രഹിക്കുന്ന പദ്ധതിയാണ് അമല ബൈപാസ്‌. വലിയ വാഹനങ്ങൾ ടൗൺ വഴി കടക്കുന്നത് നിയന്ത്രിക്കാൻ ഈ ബൈപാസ് അത്യാവശ്യമാണ്. ഇത് യാഥാർഥ്യമായാൽ ഇന്ന് തൃശൂർ ടൗണിൽ അനുഭവപ്പെടുന്ന തിരക്കിന് വലിയ കുറവ് ആണ് അനുഭവപ്പെടുക. എന്നാൽ ഇതു വരെ ഈ വിഷയത്തിൽ വലിയ പുരോഗതി ഉണ്ടായിട്ടില്ല.
  2. കിഴക്കേകോട്ടയും പടിഞ്ഞാറേക്കോട്ടയും മേൽപ്പാലങ്ങൾ
    ഗതാഗത കുരുക്കിനുള്ള മറ്റൊരു പ്രധാന പരിഹാര മാർഗമാണ് മേൽപ്പാലങ്ങൾ. ഇതിന്റെ ബഡ്ജറ്റിനും ഭരണാനുമതി നൽകുന്നതിനുമെല്ലാം വലിയ കാലതാമസമാണ് ഇതിനോടകം വന്നിരിക്കുന്നത് കാലാനുസൃതമായ ആവശ്യം എത്രയും പെട്ടന്ന് നടപ്പിൽ വരുത്താനായുള്ള ശ്രമങ്ങൾ ഉടനെ ഉണ്ടാകണം .
  3. തൃശ്ശൂർ – കാഞ്ഞാണി റോഡ് വികസനം
    ഭാഗികമായി പൈസ അനുവദിച്ചിട്ടും കാഞ്ഞാണി റോഡ് വികസന പദ്ധതി പൂർണ്ണമായി നടപ്പാക്കാനായിട്ടില്ല എന്നത് എത്രയോ വർഷങ്ങൾ ആയി തുടരുന്ന പ്രശ്നമാണ് റോഡ് വീതികൂട്ടുന്നത് ഉൾപ്പെടയുള്ള വികസന പദ്ധതി ഇന്നും സ്വപ്നമായി തുടരുന്നത് ആശങ്ക ഉണ്ടാക്കുന്ന കാര്യമാണ്.
  4. കിഴക്കേക്കോട്ട – മണ്ണുത്തി റോഡ് വികസനം
    നിരവധി അപകടങ്ങൾക്കിടയാകുന്ന ഈ സ്റ്റേറ്റ് ഹൈവേയുടെ വീതി കൂട്ടുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തരമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
  5. തൃശ്ശൂർ – കണിമംഗലം റോഡ് വികസനം
    ഈ റോഡ് വികസനം ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണ്. നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ ന്യായമായ ഈ ആവശ്യവും ഇന്നും പൂർത്തീകരിക്കാൻ സാധിച്ചിട്ടില്ല.
  6. മാതൃകാ റോഡ് പുനരാരംഭം
    തേറമ്പിൽ രാമകൃഷ്ണൻ എം.എൽ.എ. ആയിരിക്കുമ്പോൾ ആരംഭിച്ച പദ്ധതിയായ നടുവിലാൽ- അയ്യന്തോൾ – പുഴയ്ക്കൽ മാതൃകാ റോഡ്. ഇപ്പോഴും പൂർത്തിയാക്കാൻ സാധിച്ചിട്ടില്ല എന്നത് നാം എത്ര നിഷ്ക്രിയമായിരിക്കുന്നു എന്ന് ഓർമിപ്പിക്കുന്നു.
  7. വെള്ളപ്പൊക്കം നിയന്ത്രണ നടപടികൾ
    ചെമ്പൂക്കാവ്, ഗാന്ധിനഗർ, അയ്യന്തോൾ ഉൾപ്പെടെ നിരവധി പ്രദേശങ്ങൾ മഴക്കാലത്ത് ദുരിതം അനുഭവിക്കുന്നു . KLDC കനാൽ വഴി വെള്ളം ഒഴുക്കാനുള്ള പദ്ധതികൾ അടിയന്തരമായി നടപ്പാക്കേണ്ടതുണ്ട്. പുഴയ്ക്കൽ പാടശേഖര നികത്തലുകൾ തടയാനും യുക്തമായ നടപടികൾ ആവശ്യമുണ്ട്.
  8. രാമവർമ്മപുരം ഷൂട്ടിംഗ് റേഞ്ച് പുനർപ്രയോജനങ്ങൾ
    കോടതി ഇടപെടൽ മൂലം പൊളിക്കാതെ നിലനിർത്താൻ കഴിഞ്ഞ ഈ സൗകര്യം കായിക താരങ്ങൾക്കും വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന രീതിയിൽ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കണം.

9 . പൂങ്കുന്നം പാലം – അശ്വിനി ആശുപത്രി എക്സ്റ്റൻഷൻ
തൃശ്ശൂരിന്റെ ഗതാഗത രംഗത്തെ പ്രധാന പാലമായ പൂങ്കുന്നം പാലം അശ്വിനി ആശുപത്രിവരെ നീട്ടേണ്ടത് വളരെ ആവശ്യമുള്ള കാര്യമാണ് .

തൃശ്ശൂർ കോർപ്പറേഷൻ സ്റ്റേഡിയ വികസനം, അയ്യന്തോളിൽ ഇന്ഡോർ സ്റ്റേഡിയം, പബ്ലിക് പാർക്കുകൾ, ആധുനിക ലൈബ്രറികൾ തുടങ്ങി നിരവധി പദ്ധതികൾ ജനങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇവയെല്ലാം യാഥാർത്ഥ്യമാക്കാൻ ഭരണ നേതൃത്വത്തിന് കഴിയേണ്ടതുണ്ട് . ആത്യന്തികമായി ജനനന്മക്കും രാജ്യ പുരോഗതിക്കും വേണ്ടി ആയിരിക്കണം ഭരണ നേതൃത്വം ശ്രമിക്കേണ്ടതെന്ന ലളിതമായ കാര്യം തൃശൂരിലെ ജനങ്ങൾക്കായി ഓർമ്മിപ്പിക്കാൻ ഈ അവസരം ഉപയോഗപ്പെടുത്തുന്നു . സമൂഹത്തിന്റെ വാക്കുകൾക്ക് അവസരം നൽകുന്ന മിഡ്‌ലൈൻ ന്യൂസ് “എന്റെ നാട് ” പരമ്പരക്ക് എല്ലാ ആശംസകളും നേരുന്നു.

ഷാജി കോടൻകണ്ടത്ത്

നിലവിൽ കെ പി സി സി സെക്രട്ടറിയും , 26 വർഷത്തിലധികം പരിചയസമ്പത്തുള്ള പ്രമുഖ അഭിഭാഷകനും ആണ് അഡ്വ: ഷാജി ജെ കോടൻകണ്ടത്ത്. സ്കൂൾകാലത്തുതന്നെ കെ.എസ്.യുവിലൂടെ രാഷ്ട്രീയപ്രവർത്തനം ആരംഭിച്ചു. നിയമരംഗത്തും രാഷ്ട്രീയരംഗത്തും സജീവമായതിനൊപ്പം കൃഷിയിലും താല്പര്യമുള്ള വ്യക്തിയാണ് ഷാജി കോടൻകണ്ടത്ത്. ദേശീയപാത ഗതാഗത കുരുക്ക് , പാലിയേക്കര ടോൾ പ്രശ്നങ്ങൾ തുടങ്ങി നിത്യജീവിതത്തിലെ പ്രധാന പ്രശ്നങ്ങളിൽ ഇടപെടുന്ന തൃശൂരിലെ രാഷ്ട്രീയ – സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമാണ് അഡ്വ: ഷാജി ജെ കോടൻകണ്ടത്ത്.