മിഡ്‌ലൈൻ ന്യൂസ് | ‘എന്റെ നാട് ’ പരമ്പര | മിഷോ കെ ഹർഷൻ
“നാട് വികസനം കൊണ്ട് വീർപ്പു മുട്ടുന്നു !!!!”
“നാട്ടിൽ വികസനം ഇല്ല എന്നൊരു കാഴ്ചപ്പാട് എന്തായാലും എന്നെ സംബന്ധിച്ച് ഇല്ല എന്ന് തന്നെ പറയാം. പക്ഷെ വികസനം നാടിനെ വീർപ്പുമുട്ടിക്കുന്ന തരത്തിൽ നമ്മുടെ ആവാസ വ്യവസ്ഥയെ ഒട്ടും പരിഗണിക്കാതെ യാതൊരുവിധ ദീർഘവീക്ഷണവും ഇല്ലാതെ നടപ്പിൽ ആക്കുന്നു എന്നതിലാണ് വിഷമം തോന്നുന്നത്.
കെട്ടിടങ്ങൾ , റോഡുകൾ , മതിലുകൾ തുടങ്ങിയവയുടെ നിർമ്മാണം തന്നെ നോക്കിയാൽ യാതൊരു പ്ലാനിങ്ങും ഇല്ലാതെ ആണ് ഇതൊക്കെ നടക്കുന്നതെന്ന് പറയേണ്ടി വരും. ഇതിന്റെ പ്രാഥമിക ഉത്തരവാദിത്വം ഇതിനെല്ലാം അനുമതി നൽകുന്ന പഞ്ചായത്തുകളുടെ അനാസ്ഥ എന്ന് തന്നെ പറയേണ്ടി വരും . എന്റെ താമസം പഞ്ചായത്തിൽ ആയത് കൊണ്ട് അത് ചൂണ്ടി കാണിച്ചു എന്നെ ഉള്ളു. ഇതേ പോലെ മുനിസിപ്പാലിറ്റികളിലും , കോർപറേഷനുകളിലും ഇതേ അവസ്ഥ തന്നെയാണ് കാണുന്നത് . ഇപ്പോഴും റോഡ് ഉണ്ടാക്കും മുൻപേ കാന ഉണ്ടാക്കണം എന്നും, വീട് വെക്കുന്ന ഇടങ്ങളിൽ വെള്ളകെട്ടിനുള്ള സാധ്യതകൾ കണ്ടറിഞ് അത് പരിഹരിക്കാനുള്ള മുൻകരുതൽ നടപടികൾ സ്വീകരിക്കണം തുടങ്ങിയ ഉത്തരവാദിത്തങ്ങൾ ഈ സ്ഥാപനങ്ങൾ നിറവേറ്റുന്നില്ല എന്നതും വളരെ സങ്കടകരമായ അവസ്ഥയാണ് . പഞ്ചായത്തുകളിൽ കണ്ടുവരുന്ന വലിയ പ്രശ്നമാണ് ബഹുനില കെട്ടിടങ്ങൾ പണിയുമ്പോൾ ഡ്രൈനേജ് സൗകര്യത്തിന്റെ അപര്യാപ്തത ഇത് മൂലം പരിസര പ്രദേശങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കുന്നതിലും അപ്പുറമാണ്.
ഞാൻ മുൻപേ പറഞ്ഞല്ലോ ഒരു പഞ്ചായത്തിൽ ആണ് എന്റെ താമസം അതിനാൽ തന്നെ ഞാൻ താമസിക്കുന്ന വലപ്പാട് പഞ്ചായത്തിലെ കുറച്ചു വിഷയങ്ങൾ പരാമർശിക്കാതെ ഈ എഴുത്ത് പൂർണമാവില്ല.
പഴയ പഞ്ചായത്ത് തോടുകൾ പലതും കയ്യേറി പോയി. കുരിശുപള്ളിയിൽ നിന്ന് പുഴയിലേക്ക് ഉള്ള തോട്, മുരിയം തോട് എന്നിവയിലെ കയ്യേറ്റങ്ങൾ റവന്യു വകുപ്പ് മുകൈ എടുത്ത് പൊളിച്ചു നീക്കി വെള്ളം ഒഴുക്കി വിട്ടെങ്കിൽ മാത്രമേ അവിടങ്ങളിലെ വെള്ളക്കെട്ട് ഒഴിവാക്കുവാൻ സാധിക്കുകയുള്ളു.
നമ്മുടെ നാട്ടിലെ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ റോഡിലെ കാനയിലേക്ക് ഒഴുക്കി വിടുന്നത് തടയാൻ പഞ്ചായത്ത് മുൻകൈ എടുക്കണം.
കോതകുളം ബീച്ച് റോഡിൽ വലിയ നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന ഏരിയ ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ ഉള്ള വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണം.
സ്വാഭാവികമായി വെള്ളം ഒഴുകി പോകുന്ന പാടങ്ങൾ നികത്തി വൻ കെട്ടിടങ്ങൾ പണിത സഹകരണ സ്ഥാപനങ്ങളുടെ പ്രവർത്തി മൂലം 7, 5, 3 എന്നീ വാർഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്നു.
നമ്മുടെ നാട് ഒരുപാട് തൊഴിൽ ദാതാക്കൾ ഉള്ള നാട് കൂടി ആണെന്നതിനാൽ തന്നെ പ്രാദേശിക തൊഴിൽ ബാങ്ക് എന്ന ആശയം നടപ്പാക്കണം
അതിൽ ജോലി ഇല്ലാത്ത ആളുകൾ രജിസ്റ്റർ ചെയ്യാനും നമ്മുടെ നാടിന്റെ സമഗ്ര പുരോഗതിക്ക് മുതൽകൂട്ടാവുന്ന രീതിയിൽ ആ ഡാറ്റ ഉപയോഗപെടുത്താനും ഉള്ള സംവിധാനം രൂപീകരിക്കണം.
നാടൻ ഉത്പന്നങ്ങൾ സബ്സിഡി നിരക്കിൽ ലഭിക്കുന്ന കുടുംബശ്രീ സ്റ്റോർ എല്ലാ വാർഡിലും ആരംഭിക്കണം. കാർഷിക സംഭരണ കേന്ദ്രം. ഉത്പാദന സബ്സീഡി കൊടുത്തു സാധനം വാങ്ങുന്ന കുടുബശ്രീ കേന്ദ്രം തുടങ്ങി സംഭരണത്തിനും വിതരണത്തിനും ഉള്ള എല്ലാ സംവിധാനങ്ങളും പഞ്ചായത്ത് തലത്തിൽ സജ്ജീകരിക്കാൻ കഴിയണം.
ഹരിത കർമ്മസേന സംഭരണ കേന്ദ്രം. വേസ്റ്റ് വിലയിട്ട് വാങ്ങുന്ന കേന്ദ്രങ്ങൾ ജൈവമാലിന്യങ്ങൾ അടക്കം ആലോചിക്കാവുന്ന കാര്യങ്ങൾ ആയിട്ടാണ് തോന്നിയിട്ടുള്ളത്. ടോയ്ലറ്റ് മാലിന്യം ശേഖരിച്ചു വെള്ളം കളഞ്ഞു കമ്പോസ്റ്റ് ആക്കുന്ന പദ്ധതി തുടങ്ങിയ സാധ്യതകളും ഉപയോഗപ്പെടുത്തണം . പൊതു ടോയ്ലറ്റ് ഓരോ ബസ് കാത്തിരുപ്പ് കേന്ദ്രത്തിലും വേണം. അതിന്റെ ശുചിത്വം ഹരിത കർമ്മ സേനയുടെ കർത്തവ്യമായി കൊണ്ട് വരണം.
പഞ്ചായത്തിലെ മുഴുവൻ മരങ്ങളും രജിസ്റ്റർ ചെയ്യണം. വലിയ മരങ്ങൾ സംരക്ഷിക്കുന്നവർക്ക് പ്രത്യേക ഗ്രാൻഡ് ഏർപ്പെടുത്തണം.
ക്ഷീര, മത്സ്യ, കോഴി കർഷകർക്ക് ഉത്പാദന സബ്സീഡി കൊടുക്കണം.
ഗ്രാമസഭകളിൽ എംപി, എം എൽ എ , ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ നിർബന്ധം ആയി പങ്കെടുക്കണം.
നാടിനു വേണ്ട പദ്ധതികൾ നാട്ടുകാരുടെ അഭിപ്രായം സ്വീകരിച്ച് അതനുസരിച്ചു പദ്ധതി ഉണ്ടാക്കി ഭരണാനുമതി ഉണ്ടാക്കണം.”
മിഷോ കെ ഹർഷൻ
വലപ്പാട്
ഏകോപനം – ശോഭ കരിപ്പാടത്ത്




Great
Great