General

പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ സ്മാർട്ട് കൃഷിഭവൻ ഒരുങ്ങുന്നു

പാണഞ്ചേരി: പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പുതിയ സ്മാർട്ട് കൃഷിഭവൻ ഒരുങ്ങുന്നു. സ്മാർട്ട് കൃഷിഭവൻ്റെ നിർമാണോദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. പാണഞ്ചേരി ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. രവി മുഖ്യാതിഥിയായി. നബാർഡ് ആർ ഐ ഡി എഫ് 30 ൽ ഉൾപ്പെടുത്തിയാണ് പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ സ്മാർട്ട് കൃഷി ഭവൻ്റെ കെട്ടിട നിർമാണം, പ്ലംബിംഗ് ജോലികൾ, ചുറ്റുമതിൽ നിർമ്മാണം എന്നിവയടക്കം 93.38 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ആദ്യ ഘട്ടത്തിൽ ടെണ്ടർ ചെയ്തു. കേരള ലാൻഡ് ഡവലപ്പ്മെൻ്റ് കോർപ്പറേഷൻ മുഖാന്തരം നടപ്പാക്കുന്ന പ്രവൃത്തിയിൽ രണ്ട് നിലകളിലായി സ്മാർട്ട് കൃഷിഭവനിൽ കർഷകർക്ക് 2420 ചതുരശ്ര അടിയിൽ നിർമിക്കുന്ന തരത്തിൽ ഫ്രണ്ട് ഓഫീസ്, വിളയുടെ ആരോഗ്യം പരിശോധിക്കുന്നതിനുള്ള സൗകര്യത്തോടുകൂടിയ വിള ആരോഗ്യ കേന്ദ്രം എന്നിവയുണ്ടാകും.

ഇതിനൊപ്പം വിളയെ ബാധിക്കുന്ന കീട നിയന്ത്രണത്തിനായി മരുന്നുകൾ സൗജന്യമായി ലഭ്യമാക്കുന്ന തരത്തിൽ ബയോഫാർമസി, കാർഷിക ഉൽപ്പന്നങ്ങൾ നേരിട്ട് വിപണനം നടത്താൻ സൗകര്യം നൽകുന്ന ഇക്കോ ഷോപ്പ് എന്നിവയും ഉണ്ടാകും. കർഷക യോഗങ്ങളും പരിശീലനങ്ങളും നടത്തുന്നതിന് ആധുനിക സൗകര്യത്തോടെയുള്ള മീറ്റിംഗ് ഹാൾ, കൃഷിഭവൻ്റെയും കർഷകരുടെയും വിവരങ്ങൾ സൂക്ഷിച്ചു വെക്കുന്നതിനായി ഡിജിറ്റൽ ലൈബ്രറി സേവനം എന്നിവയും ലഭ്യമാകും. ചടങ്ങിൽ കെ.എൽ.ഡി.സി ചീഫ് എഞ്ചിനിയർ ശാലിനി റിപ്പോർട്ട് അവതരിപ്പിച്ചു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ സ്വാഗതവും പാണഞ്ചേരി കൃഷി ഓഫീസർ രേഷ്മ നന്ദിയും പറഞ്ഞു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുബൈദ അബൂബക്കർ, ജില്ലാ പ്രിൻസിപ്പൽ കൃഷി ഓഫീസർ നിംബ, രാഷ്ട്രീയപാർട്ടി പ്രതിനിധികളായ ബേബി നെല്ലിക്കുഴി, സനിൽ വാണിയംപാറ, മനു പുതിയമഠം, ജിനേഷ് പീച്ചി തുടങ്ങിയവർ പങ്കെടുത്തു.