ടി.കെ. രാഘവൻ ആൻഡ് എ.എം പരമൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാൾ നാടിന് സമർപ്പിച്ചു
പാണഞ്ചേരി: പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ ടി.കെ. രാഘവൻ ആൻഡ് എ.എം പരമൻ മെമ്മോറിയൽ കമ്മ്യൂണിറ്റി ഹാളിൻ്റെ ഉദ്ഘാടനം റവന്യൂ, ഭവന നിർമാണ വകുപ്പ് മന്ത്രി കെ. രാജൻ നിർവഹിച്ചു. സ്മാർട്ട് കൃഷിഭവനും കമ്മ്യൂണിറ്റി ഹാളും അടക്കം നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു. പീച്ചി ഐ.ടി.ഐ യുടെ കെട്ടിട നിർമ്മാണത്തിനായി ഏഴ് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതിൻ്റെ തുടർനടപടികൾ നടന്നു വരുന്നതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ രവി മുഖ്യാതിഥിയായി. കമ്യൂണിറ്റി ഹാളിൻ്റെ നിർമ്മാണം നടത്തിയ സംസ്ഥാന നിർമ്മിതി കേന്ദ്രത്തേയും കരാറുകാരെയും മെമൻ്റോ നൽകി മന്ത്രി ആദരിച്ചു.

ഗ്രാമപഞ്ചായത്തിൻ്റെ ഫണ്ടും എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും സിയാലിൻ്റെ സി.എസ്.ആർ ഫണ്ടിൽ നിന്ന് അനുവദിച്ച തുകയും ഉൾപ്പെടെ 4.35 കോടി രൂപ വിനിയോഗിച്ചാണ് കമ്മ്യൂണിറ്റി ഹാളിൻ്റെ ഇരുനില കെട്ടിടം ഒരുക്കിയിരിക്കുന്നത്. ചടങ്ങിൽ പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സാവിത്രി സദാനന്ദൻ സ്വാഗതവും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി അനിത നന്ദിയും പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫ്രാൻസീന ഷാജു, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ രമ്യ രാജേഷ്, കെ.കെ രമേഷ്, ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ.വി ചന്ദ്രൻ, ആസൂത്രണ സമിതി അംഗം മാത്യു നൈനാൻ, പട്ടിക്കാട് ജി.എൽ.പി.എസ്.എസ് എം .സി അംഗം എം.ആർ ചന്ദ്രശേഖരൻ മാസ്റ്റർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.സി സുജിത്ത്, മനു പുതിയ മഠം, സനിൽ വാണിയംപാറ, ജിനേഷ് പീച്ചി, രാജു പാറപ്പുറം, ജയൻ പൂശ്ശേരി, ഗോപിനാഥൻ താറ്റാട്ട്, ബേബി നെല്ലിക്കുഴി, ജോസ്ക്കുട്ടി, കെ.എ അബൂബക്കർ, സുൽഫിക്കർ, വിഷ്ണു, പഞ്ചായത്ത് സെക്രട്ടറി ഡോ. ബിന്ദു, മുൻ പഞ്ചായത്ത് സെക്രട്ടറി ജോൺ, പഞ്ചായത്ത് ഉദ്യോഗസ്ഥരായ അമ്പിളി, അജയ്, സുരജ തുടങ്ങിയവർ പങ്കെടുത്തു.




