ജല സംരക്ഷണത്തിലും മാതൃക തീർത്ത് ഗുരുവായൂർ
നവീകരിച്ച മൂന്ന് കുളങ്ങൾ നാടിന് സമർപ്പിക്കുന്നു
വരും തലമുറകൾക്ക് ജലസുരക്ഷയും പരിസ്ഥിതി സുരക്ഷയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ എട്ട് കോടിയോളം രൂപയുടെ പദ്ധതി തയ്യാറാക്കി ഗുരുവായൂർ നഗരസഭയിലെ നാശോന്മുഖമായി കിടന്നിരുന്ന കുളങ്ങൾ നവീകരിക്കുകയാണ് ഗുരുവായൂർ നഗരസഭ. നവീകരിച്ച മൂന്ന് കുളങ്ങളുടെ സമർപ്പണം വിവിധ ദിവസങ്ങളിലായി നടക്കും.
നഗരസഭയുടെ നേതൃത്വത്തിൽ 5.79 കോടി രൂപ ചെലവഴിച്ച് നവീകരിച്ച കുളങ്ങളായ നെന്മിനി മിച്ചഭൂമി കുളം സെപ്തംബർ രണ്ടിനും കോട്ടപ്പടി ചിറക്കുളം സെപ്തംബർ മൂന്നിനും ഞാറംകുളം സെപ്തംബർ 22 നും നാടിന് സമർപ്പിക്കും.
നേരത്തെ 1.63 കോടി രൂപ ചെലവഴിച്ച് തരകൻ ലാസർ കുളം, തച്ചാറ പറമ്പിൽ കുളം, ബ്രഹ്മകുളം – മന്നിക്കര കുളം, വെട്ടത്ത് കുളം എന്നീ കുളങ്ങൾ നവീകരണം നടത്തി നാട്ടുകാർക്ക് തുറന്നു കൊടുത്തിരുന്നു. കൂടാതെ നാല് ജലസ്രോതസ്സുകൾ കൂടി നവീകരിക്കുന്നതിന് പദ്ധതി തയ്യാറാക്കിക്കഴിഞ്ഞതായി നഗരസഭ ചെയർപേഴ്സൺ എം. കൃഷ്ണദാസ് അറിയിച്ചു.



