THRISSUR

കോട്ടപ്പുറം സി.ബി.എൽ വള്ളംകളി; സംഘാടക സമിതി രൂപീകരിച്ചു

മേത്തല : ടൂറിസം വകുപ്പിന്റെ കീഴിൽ നടക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സി ബി എൽ ) വള്ളംകളി ഒക്ടോബർ 25-ന് നടക്കും. വള്ളംകളിയുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിൽ പ്രാദേശിക വള്ളംകളി സംഘടിപ്പിക്കാനും തീരുമാനിച്ചു. വള്ളംകളിയുടെ വിജയകരമായ നടത്തിപ്പിനായി വി.ആർ. സുനിൽകുമാർ എം.എൽ.എയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ 100 അംഗ സംഘാടക സമിതി രൂപീകരിച്ചു. വി.ആർ. സുനിൽകുമാർ എം.എൽ.എ ചെയർമാനായും, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ആർ.സി. പ്രേംഭാസ് കൺവീനറായും, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ വൈസ് ചെയർമാന്മാരായും പ്രവർത്തിക്കും.

വള്ളംകളിയോടനുബന്ധിച്ച് വിവിധ സാംസ്കാരിക-കലാപരിപാടികൾ സംഘടിപ്പിക്കാനും യോഗത്തിൽ തീരുമാനമായി. മേത്തല കമ്മ്യൂണിറ്റി ഹാളിൽ നടന്ന യോഗത്തിൽ നഗരസഭ ചെയർപേഴ്സൺ ടി.കെ. ഗീത, തഹസിൽദാർ കെ.എ. റസിയ, ആർ.ഡി.ഒ. പി. ഷിബു, മുസിരിസ് ബോട്ട് ക്ലബ് പ്രതിനിധി ജോസി താനിയൻ, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.