കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സമ്മേളനം സമാപിച്ചു
തൃപ്രയാർ: കേബിൾ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ (സി.ഒ.എ) 15-ാം തൃശൂർ ജില്ലാ സമ്മേളനം ബുധനാഴ്ച തൃപ്രയാറിൽ നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന സമ്മേളനം ആവേശകരമായിരുന്നു. വലപ്പാട് ചന്തപ്പടിയിൽ നിന്നാരംഭിച്ച സാംസ്കാരിക ഘോഷയാത്ര തൃപ്രയാർ ബസ്റ്റാൻ്റിന് സമീപമുള്ള ഗ്രൗണ്ടിൽ സമാപിച്ചു. കലാപരിപാടികളും ബാന്റ് സംഘങ്ങളും അണിനിരന്ന ഘോഷയാത്ര നഗരവാസികളുടെ ശ്രദ്ധ ആകർഷിച്ചു.
തുടർന്ന് നടന്ന പൊതുസമ്മേളനം ഇ. ടി. ടൈസൺ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി. സി. മുകുന്ദൻ അധ്യക്ഷത വഹിച്ചു. നാട്ടിക ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. വിനു, കെപിസിസി ജനറൽ സെക്രട്ടറി ജോസ് വള്ളൂർ, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് സുധീഷ് മേനോത്ത്പറമ്പിൽ, സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി പി.ബി. സുരേഷ്, കേരള വിഷൻ ന്യൂസ് എംഡി പ്രജേഷ് അച്ചാണ്ടി, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.വി. രാജൻ, കെ.സി.സി.എൽ എംഡി പി.പി. സുരേഷ്‌കുമാർ, ജില്ലാ പ്രസിഡൻ്റ് ടി.ഡി. സുഭാഷ്, സെക്രട്ടറി സി.ജി. ജോസ്, സ്വാഗതസംഘം ജനറൽ കൺവീനർ കെ. ബിജുകുമാർ എന്നിവർ സംസാരിച്ചു.
കേബിൾ മേഖല നേരിടുന്ന സാങ്കേതികവും സാമ്പത്തികവുമായ വെല്ലുവിളികൾ മറികടക്കുന്നതിനുള്ള കൂട്ടായ പ്രവർത്തനത്തിന്റെ ആവശ്യകത പ്രസംഗകർ ഉന്നയിച്ചു. ഡിജിറ്റൽ സേവനങ്ങളുടെ വികസനവും ഉപഭോക്തൃ സേവനത്തിന്റെ നിലവാരവർധനവും പ്രധാന ചർച്ചാവിഷയങ്ങളായിരുന്നു. സംസ്ഥാന സമ്മേളനം മാർച്ച് 28, 29, 30 തീയതികളിൽ തിരൂർ, മലപ്പുറം ജില്ലയിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ജില്ലാ സമ്മേളനത്തിന് വിജയകരമായ സമാപനം കുറിച്ചുകൊണ്ട് സംഘടനാ പ്രവർത്തകർ നന്ദി രേഖപ്പെടുത്തി.



