THRISSUR

അഫ്ഗാനിസ്ഥാനെ വീഴ്ത്തി ദക്ഷിണാഫ്രിക്കയ്ക്ക് നാടകീയ വിജയം

​ക്രിക്കറ്റ് ലോകം ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ആവേശം നിറഞ്ഞ മത്സരങ്ങളിലൊന്നിൽ അഫ്ഗാനിസ്ഥാനെ ഡബിൾ സൂപ്പർ ഓവറിൽ ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തി. പലതവണ കൈവിട്ടുപോയ മത്സരം അവിശ്വസനീയമായ രീതിയിലാണ് ദക്ഷിണാഫ്രിക്ക തിരിച്ചുപിടിച്ചത്. ദൃശ്യം മോഡൽ പോലെ, സൂപ്പർ ഓവർ 1, സൂപ്പർ ഓവർ 2..
​ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 187 റൺസെടുത്തു. റയാൻ റിക്കൽറ്റൺ (61), ക്വിന്റൺ ഡി കോക്ക് (59) എന്നിവരുടെ അർധ സെഞ്ചുറികളാണ് അവർക്ക് കരുത്തായത്. മറുപടി ബാറ്റിംഗിൽ റഹ്മാനുള്ള ഗുർബാസിന്റെ (84) തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ അഫ്ഗാനിസ്ഥാനും കൃത്യം 187 റൺസിലെത്തിയതോടെ മത്സരം ടൈ ആയി. ഇനിയാണ് യഥാർത്ഥ കളി, ​അവസാന ഓവറിലെ നാടകം: ​അവസാന ഓവറിൽ അഫ്ഗാനിസ്ഥാന് ജയിക്കാൻ 12 റൺസ് വേണമായിരുന്നു. കഗിസോ റബാഡ എറിഞ്ഞ ആദ്യ പന്തിൽ തന്നെ വിക്കറ്റ് വീണതോടെ ദക്ഷിണാഫ്രിക്ക ജയം ഉറപ്പിച്ചു. എന്നാൽ റബാഡ എറിഞ്ഞത് ‘നോ ബോൾ’ ആണെന്ന് റീപ്ലേയിൽ തെളിഞ്ഞു. പിന്നാലെ സിക്സറുകളും നോ ബോളുകളും റണ്ണൗട്ടുമായി കളി മാറിമറിഞ്ഞു. ഒടുവിൽ അവസാന പന്തിൽ രണ്ടാം റണ്ണിനായുള്ള ശ്രമത്തിനിടെ ഫസൽഹഖ് ഫാറൂഖി റണ്ണൗട്ടായതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീങ്ങി. ഇവിടംകൊണ്ടും പോര് അവസാനിക്കുന്നില്ല,
​ആദ്യ സൂപ്പർ ഓവർ:
​ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ 17 റൺസെടുത്തു. മറുപടി നൽകിയ ദക്ഷിണാഫ്രിക്കയ്ക്ക് അവസാന 3 പന്തിൽ 11 റൺസ് വേണമായിരുന്നു. അവസാന പന്തിൽ ട്രിസ്റ്റൻ സ്റ്റബ്സ് നേടിയ സിക്സറിലൂടെ ദക്ഷിണാഫ്രിക്ക 17 റൺസിലെത്തി. ഇതോടെ വീണ്ടും സമനില..!
കളി രണ്ടാം സൂപ്പർ ഓവറിലേക്ക്.
​രണ്ടാം സൂപ്പർ ഓവർ:
​രണ്ടാം തവണ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക, സ്റ്റബ്സിന്റെയും മില്ലറുടെയും വെടിക്കെട്ട് ബാറ്റിംഗിലൂടെ 23 റൺസ് അടിച്ചുകൂട്ടി. 24 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ അഫ്ഗാനിസ്ഥാന് വേണ്ടി ഗുർബാസ് തുടർച്ചയായി മൂന്ന് സിക്സറുകൾ പായിച്ച് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. അവസാന പന്തിൽ ജയിക്കാൻ 5 റൺസ് വേണമെന്നിരിക്കെ കേശവ് മഹാരാജ് എറിഞ്ഞ പന്തിൽ ഗുർബാസ് ക്യാച്ച് നൽകി പുറത്തായതോടെ ദക്ഷിണാഫ്രിക്കക്ക് ആവേശവിജയം.
​ഈ പരാജയം അഫ്ഗാനിസ്ഥാന്റെ സൂപ്പർ-8 പ്രതീക്ഷകൾക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഏറെക്കുറെ പുറത്തായി മട്ടിലാണ്., ന്യൂസിലൻഡ് ഇതിനോടകം രണ്ട് മത്സരങ്ങൾ ജയിച്ചതിനാൽ അഫ്ഗാനിസ്ഥാന് ഇനി കണക്കിലെ കളിയും മറ്റു ടീമുകളുടെ ജയവും ആശ്രയിച്ചായിരിക്കും കഴിഞ്ഞതവണത്തെ സെമിഫൈനലിസ്റ്റുകളുടെത് തീരുമാനമാവുക.
തോറ്റെങ്കിലും തലയുയർത്തിപ്പിടിച്ചാണ് അഫ്ഗാൻ കളം വിട്ടത്. ദക്ഷിണാഫ്രിക്കയുടെ പോരാട്ടവീര്യത്തിന് മുന്നിൽ അഹമ്മദാബാദ് സാക്ഷ്യം വഹിച്ചത് സമാനതകളില്ലാത്ത ഒരു ക്രിക്കറ്റ് വിരുന്നിനായിരുന്നു.