THRISSUR

ചേറ്റുവ പുഴയിലെ ഡ്രജിങ്: തീരദേശ വീടുകളുടെ നാശനഷ്ടം പരിശോധിക്കാൻ വിദഗ്ധസംഘം എത്തി

ചേറ്റുവ: ചേറ്റുവ പുഴയിൽ നടക്കുന്ന ഡ്രജിങ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് തീരദേശ മേഖലയിൽ താമസിക്കുന്നവരുടെ വീടുകൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾ പരിശോധിക്കാൻ വിദഗ്ധസംഘം സ്ഥലത്തെത്തി. ഹൈക്കോടതിയുടെ നിർദേശപ്രകാരം ജില്ലാ ഭരണകൂടം നിയോഗിച്ച സംഘമാണ് പ്രദേശത്തെത്തി വിശദമായ പരിശോധന നടത്തിയത്.

ചേറ്റുവ പുഴയിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ പ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്ത് മുഖേന ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. കേസിന്റെ പരിഗണനയ്ക്കിടെ ഡ്രജിങ് പ്രവർത്തനത്തെ തുടർന്ന് തീരദേശ പ്രദേശങ്ങളിലെ നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി അഡ്വക്കേറ്റ് ഷാനവാസ് കാട്ടകത്ത് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി.

ഇതിനെ തുടർന്ന് വിഷയത്തിൽ വിശദമായ പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർദേശം നൽകി. ഈ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഉൾപ്പെട്ട സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയത്.

ഡെപ്യൂട്ടി കളക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ ഡെപ്യൂട്ടി തഹസീൽദാർ എം.ഡി. ബിജുമോൻ, മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ജിയോളജിസ്റ്റ് ഡോ. എ.കെ. മനോജ്, ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, ഏങ്ങണ്ടിയൂർ പഞ്ചായത്ത് സെക്രട്ടറി സി.എം. ഗിരീഷ് മോഹൻ, ദേശീയപാത അതോറിറ്റി (NHAI) ഉദ്യോഗസ്ഥർ, ദേശീയപാത കരാർ കമ്പനി പ്രതിനിധികൾ, പഞ്ചായത്ത് മെമ്പർമാർ എന്നിവരുള്‍പ്പെടെ അമ്പതിലധികം ഉദ്യോഗസ്ഥരാണ് പങ്കെടുത്തത്.

ഹരജിക്കാരനായ ലത്തീഫ് കെട്ടുമ്മലിന്റെ സാന്നിധ്യത്തിൽ സമീപ പ്രദേശങ്ങളിലെ വീടുകളിൽ സംഘം നേരിട്ട് പരിശോധന നടത്തി. വീടുകളുടെ മതിലുകൾക്ക് ഉണ്ടായ വിള്ളലുകൾ, ഭൂമി ഇടിഞ്ഞിറങ്ങൽ തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും പരിശോധിച്ചത്.

പരിശോധനയ്ക്ക് ശേഷമുള്ള വിശദമായ റിപ്പോർട്ട് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിക്കും. കേസ് ഈ മാസം 19-ന് വീണ്ടും കോടതി പരിഗണിക്കും.