നാല്, ഏഴ്, പത്ത്, ഹയർസെക്കൻഡറി തുല്യത കോഴ്സുകൾ: രജിസ്ട്രേഷൻ ജൂലൈ 20 വരെ നീട്ടി
തൃശ്ശൂർ : സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റി നടത്തുന്ന നാല്, ഏഴ്, പത്ത്, ഹയർ സെക്കൻഡറി തുല്യതാ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി ജൂലൈ 20 വരെ നീട്ടി. പത്താംതരം തുല്യതാ കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ എസ്.എസ്.എൽ.സി പാസായവരെപ്പോലെ തന്നെ ഉന്നത പഠനത്തിനും, ഔദ്യോഗിക പ്രൊമോഷനും, പി.എസ്.സി നിയമനങ്ങൾക്കും അർഹതയുണ്ടായിരിക്കും. അപേക്ഷകർക്ക് 2026 മെയ് ഒന്നിന് 17 വയസ്സ് പൂർത്തിയായിരിക്കണം. 100 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ ആകെ 1950 രൂപയാണ് പത്താംതരം കോഴ്സ് ഫീസ്. ഹയർ സെക്കൻഡറി തുല്യതയിലേക്ക് ഹ്യുമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിലേക്കാണ് പ്രവേശനം. പത്താം ക്ലാസ് പാസായ, 2026 മെയ് ഒന്നിന് 22 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 300 രൂപ രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ ആകെ 2600 രൂപയാണ് ഹയർ സെക്കൻഡറി കോഴ്സ് ഫീസ്.
പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ടവർക്ക് കോഴ്സ് ഫീസ് അടയ്ക്കേണ്ടതില്ല; ഇവർ പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300 രൂപയും രജിസ്ട്രേഷൻ ഫീസ് മാത്രം അടച്ചാൽ മതിയാകും. കൂടാതെ 40 ശതമാനത്തിൽ കൂടുതൽ അംഗവൈകല്യമുള്ളവർക്കും ട്രാൻസ്ജെൻഡർ പഠിതാക്കൾക്കും കോഴ്സ് ഫീസ് പൂർണ്ണമായും സൗജന്യമാണ്. ട്രാൻസ്ജെൻഡർ വിഭാഗത്തിലെ പഠിതാക്കൾക്ക് പഠനകാലയളവിൽ പ്രതിമാസ സ്കോളർഷിപ്പായി പത്താം ക്ലാസ് തുല്യതയ്ക്ക് 1000 രൂപയും ഹയർ സെക്കൻഡറി തുല്യതയ്ക്ക് 1250 രൂപയും ലഭിക്കുന്നതാണ്. താത്പര്യമുള്ളവർക്ക് kslma.keltron.in അല്ലെങ്കിൽ www.literacymissionkerala.org എന്നീ വെബ്സൈറ്റുകൾ വഴി ഓൺലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങൾക്ക് തൃശ്ശൂർ ജില്ലാ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജില്ലാ സാക്ഷരതാ മിഷൻ ഓഫീസുമായോ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രേരക്മാരുമായോ ബന്ധപ്പെടണമെന്ന് ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു. ഫോൺ: 0487 2365024, 9496877913, 7558941039.



