ഹോം വോട്ടിംഗ് മാർച്ച് 30 മുതൽ
തൃശൂർ: ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി വോട്ടർപട്ടികയിൽ 85 വയസ്സ് പൂർത്തിയായവർ, വോട്ടർപട്ടികയിൽ ഭിന്നശേഷി മാർക്ക് ചെയ്തതും 40 ശതമാനത്തിലധികം ഭിന്നശേഷിയുളളതുമായ വോട്ടർമാർ എന്നിവർക്ക് അപേക്ഷിച്ച പ്രകാരം വീട്ടിലിരുന്ന് വോട്ട് ചെയ്യുന്നതിനുളള സൗകര്യം മാർച്ച് 30 മുതൽ ലഭിക്കും. രണ്ട് പോളിംഗ് ഉദ്യോഗസ്ഥർ, ഒരു മൈക്രോ ഒബ്സർവർ, പൊലീസ് ഉദ്യോഗസ്ഥൻ, വീഡിയോഗ്രാഫർ എന്നിവരടങ്ങുന്ന ടീമാണ് വീടുകൾ സന്ദർശിച്ച് വോട്ടുകൾ ശേഖരിക്കുന്നത്. ജില്ലയിൽ ആകെ റിസർവ് ഉൾപ്പെടെ 192 ടീമുകൾ ഹോം വോട്ടിംഗിനായി രൂപീകരിച്ചിട്ടുണ്ട്. ഹോം വോട്ടിംഗ് ടീമുകളുടെ സന്ദർശനം സംബന്ധിച്ച വിവരം ബന്ധപ്പെട്ട വോട്ടർമാരെ ബൂത്ത് ലെവൽ ഓഫിസർമാർ വഴിയും സ്ഥാനാർത്ഥികളെ വരണാധികാരികൾ വഴിയും മുൻകൂട്ടി അറിയിക്കും. സ്ഥാനാർത്ഥികളുടെ ഏജന്റുമാർക്ക് ഹോം വോട്ടിംഗ് പ്രക്രിയ കാണുന്നതിനുളള അവസരം ഉണ്ടായിരിക്കും. ഏജന്റുമാരെ നിയോഗിച്ചുകൊണ്ടുള്ള അറിയിപ്പ് എല്ലാ സ്ഥാനാർത്ഥികളും വരണാധികാരികൾക്ക് നൽകണം. ടീമുകൾ വീടുകൾ സന്ദർശിച്ച് വോട്ടർമാർക്ക് ബാലറ്റ് കൈമാറുകയും രേഖപ്പെടുത്തുന്ന വോട്ട് ബാലറ്റ് ബോക്സിൽ ശേഖരിച്ച് മടങ്ങുകയും ചെയ്യും. വോട്ടെടുപ്പ് പ്രക്രിയ വീഡിയോഗ്രാഫിയിൽ പകർത്തും. കാഴ്ച്ച പരിമിതിയുളളവർക്കും അവശരാവയർക്കും, വോട്ട് ചെയ്യുന്നതിന് സഹായിയെ അനുവദിക്കും. സ്ഥാനാർത്ഥിക്കോ സ്ഥാനാർത്ഥിയുടെ ഏജന്റിനോ സഹായിയായി പ്രവർത്തിക്കാൻ കഴിയില്ല. വോട്ട് ശേഖരിക്കുന്നതിനായി വീട്ടിൽ എത്തുമ്പോൾ വോട്ടർ വീട്ടിലില്ലെങ്കിൽ മുൻകൂട്ടി അറിയിച്ച് ഒരിക്കൽ കൂടി സന്ദർശനം നടത്തും. മാർച്ച് 30 ന് ആരംഭിക്കുന്ന വോട്ടിംഗ് പ്രക്രിയ ഏപ്രിൽ 6 വരെ ഉണ്ടായിരിക്കും.
ഹോം വോട്ടിംഗ് ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി
ഹോം വോട്ടിംഗ് നടപടികൾ കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി നിയോഗിച്ച ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി. ജില്ലാ തിരഞ്ഞെടുപ്പ് അധികൃതരുടെ നേതൃത്വത്തിൽ കലക്ടറേറ്റ് എക്സിക്യൂട്ടീവ് ഹാളിൽ സംഘടിപ്പിച്ച പരിശീലനത്തിൽ ഹോം വോട്ടിങ്ങിന്റെ നടപടിക്രമങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾ, തുടങ്ങിയ വിഷയങ്ങളിൽ നിർദേശങ്ങൾ നൽകി. 25,26,28 തിയതികളിലായി 192 ടീമുകൾക്കാണ് പരിശീലനം നടത്തിയത്. വയോജനങ്ങൾക്കും ഭിന്നശേഷിക്കാർക്കും സൗകര്യപ്രദമായി വോട്ട് ചെയ്യാനുള്ള സംവിധാനമാണ് ഹോം വോട്ടിംഗ്. ഇത് സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ നടപ്പാക്കുന്നതിനായി ഉദ്യോഗസ്ഥർ കൃത്യമായ മാർഗ്ഗനിർദേശങ്ങൾ പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു.



