“വിശപ്പും വിവേചനവും” – സി.സി. മുകുന്ദൻ എംഎൽഎയുടെ ജീവചരിത്രം ഷാർജ പുസ്തകോത്സവത്തിൽ പുറത്തിറങ്ങി
ഷാർജ: സി.സി. മുകുന്ദൻ എംഎൽഎയുടെ ജീവിത പോരാട്ടങ്ങളും സാമൂഹിക പ്രതിബദ്ധതയും വിവരിക്കുന്ന “വിശപ്പും വിവേചനവും” എന്ന ജീവചരിത്രം ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ വിപുലമായ ചടങ്ങിൽ പ്രകാശനം ചെയ്തു. വിദ്യാർത്ഥി കാലം മുതൽ നിയമസഭാംഗത്വം വരെ അനുഭവിച്ച കഠിനമായ ജീവിത വഴികളാണ് പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വലപ്പാട് സ്വദേശിയായ ലാൽ കച്ചില്ലം പുസ്തകത്തിൻ്റെ രചയിതാവാണ്. രേഖാചിത്രങ്ങൾ വരച്ചത് വിശ്വേശ്വരയ്യ ആർട്സ് ആൻഡ് സയൻസ് കോളേജിലെ സീനിയർ ആർട്ടിസ്റ്റ് എസ്.കെ. അന്തിക്കാട് ആണ്.
പുസ്തകം തൃശൂരിലെയും അന്തിക്കാട്ടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രാരംഭ ഘട്ടം, കർഷകരുടെയും ചെത്ത് തൊഴിലാളികളുടെയും ജീവിത പോരാട്ടങ്ങൾ, സമരരംഗങ്ങളുടെ ചരിത്രം എന്നിവയെ ആധികാരികമായി അവതരിപ്പിക്കുന്നു. ചെറുപ്പകാലത്തെ ദാരിദ്ര്യവും വിശപ്പും നേരിട്ട അനുഭവങ്ങൾ പുസ്തകത്തിന് യഥാർത്ഥതയും ആഴവും പകരുന്നു. ജീവിതമുഴുവൻ വിശപ്പിനെയും വിവേചനത്തിനെയും നേരിട്ട അനുഭവമാണ് തൻ്റെ രാഷ്ട്രീയ ജീവിതത്തെ രൂപപ്പെടുത്തിയത് എന്നും, 2025 നവംബർ 1-ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നിയമസഭയിൽ നടത്തിയ അതി ദാരിദ്ര്യ നിർമ്മാർജന പ്രഖ്യാപനം മലയാളികൾക്ക് അഭിമാനിക്കാവുന്ന നിമിഷമാണെന്നും മുകുന്ദൻ എംഎൽഎ പുസ്തക പ്രകാശനത്തിന് ശേഷം മാധ്യമങ്ങളോട് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ യുവസംരംഭകൻ ബിജു പുളിക്കൽ സ്വാഗതം പറഞ്ഞു. ഹരിതം ബുക്സ് പ്രസാധകൻ പ്രതാപൻ തായാട്ട് ആമുഖ പ്രസംഗം നിർവഹിച്ചു. പ്രശസ്ത എഴുത്തുകാരൻ ബഷീർ തിക്കൊടി പുസ്തകം പരിചയപ്പെടുത്തി. എഴുത്തുകാരനും കേരളവർമ്മ കോളേജിലെ മുൻ പ്രൊഫസറുമായ വിജി തമ്പിയും, സി.സി. മുകുന്ദൻ എംഎൽഎയും, സോണിയ തമ്പിയും ചേർന്ന് പുസ്തക പ്രകാശനം നിർവഹിച്ചു. ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗങ്ങളായ സുധീർ ഇ.വൈ, യൂസഫ് സഗീർ, യുവകലാസാഹിതി അസിസ്റ്റൻ്റ് സെക്രട്ടറി പ്രതീഷ് ചിതറ, പ്രവാസി ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം കെ.എച്ച്. ഷാനവാസ്, ജോഷി കോഴിപ്പറമ്പിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു.



