THRISSUR

സി.എസ്.എം സെൻട്രൽ സ്കൂളിൻ്റെ കായികമേളയ്ക്ക് വർണ്ണാഭമായ തുടക്കം

വാടാനപ്പള്ളി: കായിക പ്രതിഭകളെ വളർത്തിപോഷിപ്പിക്കുന്നതിൽ എന്നും മുന്നിലുനിൽക്കുന്ന സി.എസ്.എം സെൻട്രൽ സ്കൂളിൻ്റെ നാല്പതാമത് വാർഷിക കായികമേളയ്ക്ക് വർണ്ണശബളമായ തുടക്കം കുറിച്ചു. രണ്ടുദിവസം നീണ്ടുനിൽക്കുന്ന കായികമേളയുടെ ഉദ്ഘാടനം വാടാനപ്പള്ളി എസ്.ഐ ശ്രീ വിനീത് പതാക ഉയർത്തിക്കൊണ്ട് നിർവഹിച്ചു.

സ്കൂൾ പ്രിൻസിപ്പൽ ഡോ. ദിനേഷ് ബാബു സ്വാഗത പ്രസംഗം നിർവഹിച്ചു. സ്കൂൾ ചെയർപേഴ്സൺ ശ്രീമതി സഫിയ റഹ്മാൻ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡൻ്റ് ഇർഷാദ് ചേറ്റുവ, വൈസ് ചെയർമാൻ സി.എം മുഹമ്മദ് ബഷീർ, സെക്രട്ടറി സി.എം നൗഷാദ്, സ്കൂൾ മാനേജർ ഹൈദരാലി, വൈസ് പ്രിൻസിപ്പൽ നദീറ ജാബിർ, ജോയിൻ്റ് സെക്രട്ടറി സി.എം സൈഫുദ്ദീൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

നാലു ഹൗസുകളിലെ കായികതാരങ്ങൾ അണിനിരന്ന മാർച്ച് പാസ്റ്റോടെ ഉദ്ഘാടനച്ചടങ്ങിന് വർണ്ണാഭമായ തുടക്കം കുറിച്ചു. സ്കൂൾ ലീഡർ അബ്ദുൽ മജീദ് ഫസൽ കായിക പ്രതിഭകൾക്കുള്ള പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് സ്കൂൾ ചാമ്പ്യൻ അക്മൽ മനാഫ് ദീപശിഖ കൊളുത്തിക്കൊണ്ട് 2025–26 അധ്യയനവർഷത്തെ കായികമേളാ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. നാല് കാറ്റഗറികളിലായി 72 ഇനങ്ങളിലാണ് സ്കൂളിലെ കായികതാരങ്ങൾ മാറ്റുരയ്ക്കുന്നത്. ദേശീയതലത്തിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെച്ച കായികതാരങ്ങളെ വളർത്തിയെടുത്തിട്ടുള്ള സി.എസ്.എം സെൻട്രൽ സ്കൂൾ, മികച്ച കായികസംസ്കാരത്തെ പരിപോഷിപ്പിക്കുന്നതിലൂടെയാണ് ഈ അഭിമാനകരമായ നേട്ടങ്ങൾ കൈവരിച്ചതെന്ന് സംഘാടകർ പറഞ്ഞു.