കുട്ടംകുളം സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾക്ക് തുടക്കം
കുട്ടംകുളം: ഇരിങ്ങാലക്കുടയുടെ ചരിത്രത്തിലെ തിളക്കമാർന്ന സ്‌മാരകമായ കുട്ടംകുളത്തിൻ്റെ സംരക്ഷണ-സൗന്ദര്യവത്കരണ പ്രവൃത്തികൾ ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ ബാലഗോപാൽ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കുട്ടംകുളത്തിന്റെ നവീകരണത്തിലൂടെ പുതിയ തലമുറയെ ചരിത്രത്തിലേക്ക് വഴിനടത്താൻ സാധിക്കുമെന്ന് മന്ത്രി ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പറഞ്ഞു. നവോത്ഥാന സമൂഹത്തിൻ്റെ പ്രതീകമാണ് ഇരിങ്ങാലക്കുടയിലെ കുട്ടംകുളം. ചരിത്ര സ്മാരകം എന്ന നിലയിൽ കുട്ടംകുളത്തിൻ്റെ ഇന്നത്തെ അവസ്ഥ മാറ്റി കൂടുതൽ ആളുകളിലേക്ക് കേരളത്തിൻ്റെ സംസ്കാരം പകർന്നു നൽകാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇരിങ്ങാലക്കുടയുടെ ചരിത്ര വഴികളിൽ പ്രാധാന്യമുള്ള ഒന്നാണ് കുട്ടംകുളം എന്ന് അധ്യക്ഷത വഹിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. നവോത്ഥാനനേതൃത്വത്തിന് സാക്ഷിനിന്ന മഹിതമായ പാരമ്പര്യമുള്ളതാണ് കുട്ടംകുളം. ആ ചരിത്രത്തെ ഇരിങ്ങാലക്കുടയുടെ നിത്യോർജ്ജമായി മാറ്റുകയാണ്. ചരിത്രസ്‌മാരകത്തെ കർത്തവ്യബോധത്തോടെ സംരക്ഷിക്കുകയാണ് നമ്മൾ ഇതു വഴി എന്നും മന്ത്രി പറഞ്ഞു. ശിലാഫലകം മന്ത്രി അനാച്ഛാദനം ചെയ്തു. സംസ്ഥാന ബജറ്റിൽ വകയിരുത്തിയ 4.04 കോടി രൂപ ചെലഴിച്ചാണ് കുട്ടംകുളം നവീകരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് കെട്ടിടം വിഭാഗം ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ- ഓപ്പറേറ്റീവ് സൊസൈറ്റിയാണ് നിർമ്മാണപ്രവർത്തികൾ ഏറ്റെടുത്ത് നടത്തുന്നത്.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് എന്നിവർ വിശിഷ്ടാതിഥികളായി. പൊതുമരാമത്ത് കെട്ടിട വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ ടി.കെ സന്തോഷ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സുധ ദിലീപ്, ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിലെ വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റുമാരായ ജോസ് ജെ ചിറ്റിലപ്പിള്ളി, കെ ആർ ജോജോ, ബിന്ദു പ്രദീപ്, ടി.വി ലത, കെ.എസ് ധനീഷ്, കെ. എസ് തമ്പി, ലിജി രതീഷ്, കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി.കെ ഗോപി, വാർഡ് കൗൺസിലർ സ്മിത കൃഷ്ണകുമാർ, ഇരിങ്ങാലക്കുട നഗരസഭ പ്രതിപക്ഷ നേതാവ് കെ. ആർ വിജയ, ദേവസ്വം ഭരണസമിതി അംഗങ്ങളായ ഡോ. മുരളി ഹരിതം, വി.സി പ്രഭാകരൻ, കെ.ജി അജയകുമാർ, രാഘവൻ മുളങ്ങാടൻ, കെ.ബിന്ദു, ഗോവിന്ദൻ നമ്പൂതിരിപ്പാട്, മുൻ ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ദേവസ്വം അഡ്മിനിസ്ട്രേറ്റർ ജി. എസ് രാധേഷ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ജനപ്രതിനിധികൾ, സാംസ്‌കാരിക പ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.



