വെളപ്പായ- മെഡിക്കൽ കോളേജ് റോഡ് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചു
വെളപ്പായ: വെളപ്പായ മെഡിക്കൽ കോളേജ് റോഡ് നിർമ്മാണ പൂർത്തീകരണ ഉദ്ഘാടനം പൊതുമരാമത്ത്, വിനോദ സഞ്ചാര വകുപ്പ് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. സേവ്യർ ചിറ്റിലപ്പിള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.

വെളപ്പായ പള്ളി വളവ് മുതൽ മെഡിക്കൽ കോളേജ് കവാടം വരെയുള്ള 780 മീറ്റർ റോഡാണ് ബജറ്റിൽ ഉൾപ്പെടുത്തി 1.078 കോടി രൂപ ചെലവഴിച്ച് ബി എം ബി സി നിലവാരത്തിൽ നവീകരിച്ചത്.റോഡിനോട് ചേർന്ന് 270 മീറ്റർ കാന നിർമ്മാണം,റോഡിൻ്റെ ഇരുവശങ്ങളിലും ബേം കോൺക്രീറ്റിംഗ്, റോഡ് സുരക്ഷാ പ്രവൃത്തികൾ ഉൾപ്പെടെയാണ് റോഡ് നിർമ്മാണം പൂർത്തീകരിച്ചത്.

അവണൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തങ്കമണി ശങ്കുണ്ണി,വൈസ് പ്രസിഡൻ്റ് മിനി ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം ലിനി ഷാജി, അവണൂർ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ തോംസൺ തലക്കോടൻ,എൻ കെ രാധാകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയർ സി. രാകേഷ്, പൊതുമരാമത്ത് വകുപ്പ് നിരത്തുകൽ ഉപവിഭാഗം അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എം . ആർ അനു, ഗ്രാമ പഞ്ചായത്തംഗങ്ങളായ പി. എസ് കൃഷ്ണകുമാരി,സി. ബി സജീവൻ എന്നിവർ സംസാരിച്ചു. ഉദ്യോഗസ്ഥരും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും പ്രദേശവാസികളും പങ്കെടുത്തു.



