തൃശൂർ ജില്ലയെ സമ്പൂർണ പത്താം തരത്തിലേക്ക് എത്തിക്കാൻ സാക്ഷരത സർവെ
തൃശ്ശൂർ ജില്ലയെ സമ്പൂർണ്ണ പത്താംതരം തുല്യതയിലേക്ക് എത്തിക്കാൻ സാക്ഷരതാ സർവെ ആരംഭിച്ചു. ന്യൂ ഇന്ത്യ ലിറ്ററസി സർവെയ്ക്കും അക്ഷര കേരളം സർവെയ്ക്കും തുടക്കമായി.
തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെയും വിദ്യാഭ്യാസ വകുപ്പിൻ്റെയും ജില്ലാ സാക്ഷരതാ മിഷൻ്റെയും ആഭിമുഖ്യത്തിൽ തൃശൂർ സെൻ്റ് തോമസ് കോളജ് എൻ എസ് എസ് യൂണിറ്റിൻ്റെ സഹകരണത്തോടെ ന്യൂ ഇന്ത്യ ലിറ്ററസി പോളിസി ജില്ലാ തല സാക്ഷരതാ സർവെയുടെ ഉദ്ഘാടനവും ഏക ദിന പരിശീലനവും സംഘടിപ്പിച്ചു. റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ ന്യൂ ഇന്ത്യ ലിറ്ററസി പോളിസി ജില്ലാ തല സാക്ഷരതാ സർവെയുടെയും ഏക ദിന പരിശീലനത്തിൻ്റെയും ഉദ്ഘാടനം നിർവഹിച്ചു.
സെൻ്റ് തോമസ് കോളേജ് ലോകത്തിൻ്റെ ചരിത്രത്തിൽ തന്നെ അത്ഭുതകരമായ മാറ്റങ്ങൾ വരുത്തിയിട്ടുള്ളതും പാരമ്പര്യമുള്ളതുമായിട്ടുള്ള സ്ഥാപനമാണെന്നും കേരളത്തിൻ്റെ മുഖ്യമന്ത്രിമാരായ ഇ. എം എസ് നമ്പൂതിരിപ്പാടും, സി അച്യുതമേനോനും ഉൾപ്പെടെ ഒരുപാട് മഹനീയ വ്യക്തിത്വങ്ങൾ പഠിച്ച കലാലലയമാണ് സെൻ്റ് തോമസ് കോളേജ് എന്നും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കവെ മന്ത്രി പറഞ്ഞു. കേവലം അക്ഷരം അറിയാത്തവരെ കണ്ടെത്തുകയും പത്താം ക്ലാസ് വിജയിക്കാത്തവരെ ചൂണ്ടികാണിക്കുകയും മാത്രമല്ല, മുൻ തലമുറകൾ കൊളുത്തിയ അക്ഷര ദീപത്തിൽ നിന്ന് വെളിച്ചം പകർന്ന് സാംസ്കാരിക തലസ്ഥാനത്ത് സെൻ്റ് തോമസ് കലാലയത്തിൻ്റെ പരിസരത്തെ ഒന്നോ രണ്ടോ വാർഡുകളിലെ മുഴുവൻ സാക്ഷരതാ പഠിതാക്കളെയും തിരിച്ചറിയുക എന്ന് ലോകം ചരിത്രത്തിൽ രേഖപ്പെടുത്താൻ പോകുന്ന അസാമാന്യ പ്രവർത്തനമാണിത്. ഇതിന് നേതൃത്വം കൊടുക്കാൻ പോകുന്നവരാണ് ഈ കലാലയത്തിലെ വിദ്യാർത്ഥികൾ എന്നും മന്ത്രി പറഞ്ഞു.
പൊതു വിദ്യാഭ്യാസ മേഖലയിൽ സമാനതകളില്ലാത്ത നേട്ടം കൈവരിച്ച നാടാണ് കേരളം, അങ്ങനെ പ്രാഥമിക വിദ്യാഭ്യാസം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പ്രാപ്യമാക്കാൻ കഴിയുന്ന ലോകോത്തര വിദ്യാഭ്യാസ ഹബ്ബായി കേരളം മാറുമ്പോൾ സാക്ഷരതാമിഷൻ നടത്തുന്ന ഇത്തരം പ്രവർത്തനങ്ങൾ പ്രാധാന്യമുള്ളതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ന്യൂ ഇന്ത്യ ലിറ്ററസി പോളിസിയുടെ ഭാഗമായി ഡിജിറ്റലായി നടത്തുന്ന സാക്ഷരതാസർവെ പ്രക്രിയയുടെ വിവിധ ഘട്ടങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് പരിശീലനം നൽകി.
പ്രദേശത്തെ നിരക്ഷരരെ കണ്ടെത്തുന്നതിന് ന്യൂ ഇന്ത്യ ലിറ്ററസി സർവെയും സാക്ഷരരായവരുടെ തുടർ വിദ്യാഭ്യാസ സാധ്യതകളിലേക്ക് വഴി തുറക്കുന്ന അക്ഷര കേരളം സർവെയും നടത്തും. സർവെ നടത്തി കണ്ടെത്തുന്ന പഠിതാക്കൾക്ക് ക്ലാസ്സുകൾ നൽകി മികവുത്സവം സാക്ഷരതാ പരീക്ഷകൾ നടത്തി സർട്ടിഫിക്കറ്റ് കൈമാറുന്നതോടെ പദ്ധതി പൂർത്തിയാക്കും.
തൃശൂർ ജില്ലയിൽ പരിപൂർണ പത്താം തരം സാക്ഷരത എന്ന ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവയ്പ്പ് കൂടിയാണ് ഇത്. ഇതിലൂടെ പഠിതാക്കൾക്ക് നാലാം ക്ലാസ് തുല്യത, ഏഴാം ക്ലാസ് തുല്യത, പത്താം ക്ലാസ് തുല്യത, ഹയർ സെക്കൻ്ററി തുല്യത എന്നീ യോഗ്യതകൾ നേടാനും പഠനത്തിലൂടെ പുതിയ അറിവുകൾ നേടാനും സാധിക്കും.
തൃശൂർ സെൻ്റ് തോമസ് കോളജ് കവി പ്രതിഭ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ സാക്ഷരത മിഷൻ ചെയർപേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ വി. എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു . സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പാൾ റവ. ഫാ. കെ. എ മാർട്ടിൻ മുഖ്യാതിഥിയായി.
സാക്ഷരതാ മിഷൻ ജില്ലാ കോർഡിനേറ്റർ ഡോ. മനോജ് സെബാസ്റ്റ്യൻ പദ്ധതി വിശദീകരണം നടത്തി. സെൻ്റ് തോമസ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഡെയ്സൺ പാണേങ്ങാടൻ സ്വാഗതവും സാക്ഷരതാ മിഷൻ ജില്ലാ അസിസ്റ്റൻ്റ് കോർഡിനേറ്റർ കെ. എം സുബൈദ നന്ദിയും പറഞ്ഞു.
സെൻ്റ് തോമസ് കോളേജ് എൻ എസ് എസ് അസിസ്റ്റൻ്റ് പ്രോഗ്രാം ഓഫീസർ ഡോ. റീജ ജോൺസൺ, തൃശൂർ കോർപറേഷൻ പരിധിയിലെ സാക്ഷരത പ്രേരക്മാരായ പ്രിയ, ലീന, സുജാത, രമണി, സെന്റ് തോമസ് കോളേജ് എൻ എസ് എസ് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.



