തദ്ദേശ സ്വയംഭരണ സംവിധാനങ്ങൾ സുതാര്യത ഉറപ്പ് വരുത്തുന്നു: യു ആർ പ്രദീപ് എം എൽ എ
വരവൂർ: വരവൂർ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് യു ആർ പ്രദീപ് എം എൽ എ ഉദ്ഘാടനം ചെയ്തു. സുതാര്യമായ സമീപനമാണ് പഞ്ചായത്തുകൾ വഴി നടക്കുന്നതെന്നും കെ സ്മാർട്ട് പോലെയുള്ള ആധുനിക സംവിധാനങ്ങൾ സുതാര്യത ഉറപ്പിക്കുന്നതിനാണ് ശ്രമിക്കുന്നതെന്നും യു ആർ പ്രദീപ് എം എ ൽ എ പറഞ്ഞു. ദാരിദ്ര്യ നിർമ്മർജ്ജനത്തിനും വികസനത്തിനും വേണ്ടി രാജ്യത്തിന് മാതൃകയായ പ്രവർത്തനമാണ് കേരളം നടത്തുന്നതെന്നും എംഎൽഎ കൂട്ടിച്ചേർത്തു. വികസന സദസ്സിൻ്റെ ഭാഗമായി വിവിധ സ്റ്റാളുകളിലായി പഞ്ചായത്തിലെ വിവിധ വകുപ്പുകളുടെ വികസന പ്രവർത്തനങ്ങളുടെ പ്രദർശനം, തൊഴിൽ മേള, പഞ്ചായത്തിൻ്റെ കെ-സ്മാർട്ട് ക്ലിനിക്ക്, കുടുംബശ്രീ ഉൽപന്നങ്ങളുടെ വിൽപന തുടങ്ങിയവ സംഘടിപ്പിച്ചു. നാഷണൽ ആയുഷ് മിഷൻ സ്റ്റാൾ, ബഡ്സ് റിഹാബിലിറ്റേഷൻ സെൻ്റർ ഉത്പനങ്ങളുടെ സ്റ്റാൾ എന്നിവ വികസന സദസിൽ ശ്രദ്ധേയമായി. ചടങ്ങിൽ പഞ്ചായത്തിൽ സംസ്ഥാന തലത്തിൽ പുരസ്കാരം നേടിയ വരവൂർ കുടുംബശ്രീ യൂണിറ്റ്, അഖിലേന്ത്യാ തലത്തിൽ ഐ ടി ഐ റാങ്ക് നേടിയ പി വി അഭിജിത്ത്, ഹരിതകർമ്മ സേന അംഗങ്ങൾ എന്നിവരെ ആദരിച്ചു. വികസന സദസ്സിൻ്റെ ഭാഗമായി 12 വാർഡുകളിലും നിന്നുള്ള യോഗ ക്ലബ് അംഗങ്ങളായ 120 വനിതകൾ അവതരിപ്പിച്ച യോഗ-നൃത്ത പ്രകടനം അരങ്ങേറി. ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർ യു കവിത ലക്ഷ്മി നേതൃത്വം നൽകി. ഭൗമ സൂചികയിൽ ഇടം നേടിയ വരവൂർ ഗോൾഡ് എന്ന കൂർക്കയിനത്തിൻ്റെയും ചങ്ങഴിക്കോടൻ കായ ഇനത്തിൻ്റെയും വിൽപ്പനയും കുടുംബശ്രീയുടെ ജോയിൻ്റ് ലെയബിലിറ്റി ഗ്രൂപ്പുകൾ വഴി ഉത്പാദിപ്പിച്ച വിവിധ കാർഷിക ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും വരവൂർ കുടുംബശ്രീ പഞ്ചായത്ത് വികസന സദസ്സിൽ സംഘടിപ്പിച്ചു.

കുടുംബശ്രീയിൽ ഉൾപ്പെട്ട അഞ്ഞൂറോളം അംഗങ്ങൾ വഴി 57 ഏക്കറോളം പാടത്ത് ഇടവിളയായി വരവൂർ ഗോൾഡ് ഇനത്തിൽപ്പെട്ട കൂർക്ക കൃഷി ചെയ്ത് വൻ വിജയം നേടിയിരുന്നു. സ്വന്തം സ്ഥലത്തും പാട്ടത്തിന് എടുത്തുമാണ് ഇവർ കൂർക്ക കൃഷി നടത്തുന്നത്. 87 ഓളം ജെ എൽ ജി ഗ്രൂപ്പുകൾ നിലവിൽ പഞ്ചായത്തിലുണ്ട്. മാസ ചന്തകൾ, ഓണച്ചന്ത എന്നിവ വഴിയും ഗ്രൂപ്പുകൾ വഴിയും വില്പന നടത്തി വരുന്നതായി സി ഡി എസ് അംഗം കെ എം ഷെരിഫ പറയുന്നു. കാർഷിക മേഖലയിലെ സംസ്ഥാന തലത്തിൽ മികച്ച സി ഡി എസ്സിനുള്ള പുരസ്കാരവും വരവൂർ സി ഡി എസ്സിനായിരുന്നു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി സുനിത അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ വി നഫീസ വികസന രേഖ പ്രകാശനം നിർവഹിച്ചു. സംസ്ഥാനതല വിഷയാവതരണം വടക്കാഞ്ചേരി ബ്ലോക്ക് വികസന ഓഫീസർ കെ എ അൻസാർ അഹമ്മദ് നിർവഹിച്ചു. പഞ്ചായത്ത്തല വിഷയാവതരണം ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം കെ ആൽഫ്രഡ് നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി സാബിറ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി പ്രീതി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ ബാബു, സ്ഥിരം സമിതി അംഗങ്ങളായ വി ജി ദീപു പ്രസാദ്, പി കെ യശോദ, ടി എ ഹിദായത്തുള്ള, വിമല പ്രഹ്ലാദൻ, പഞ്ചായത്ത് അംഗങ്ങളായ വി സക്കീന, സി യു അബൂബക്കർ, ടി എം ബീവത്തുകുടി, എം വീരചന്ദ്രൻ, വി കെ സേതുമാധവൻ, പി എസ് പ്രദീപ്, വി ടി സജീഷ്, പി കെ അനിത, അസിസ്റ്റൻ്റ് സെക്രട്ടറി സി ആർ അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.



