വർണ്ണക്കുട 2025 ൻ്റെ ബ്രോഷർ പ്രകാശനം മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു
ഇരിങ്ങാലക്കുട: ‘വർണ്ണക്കുട 2025’ ൻ്റെ ബ്രോഷർ പ്രകാശനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു. ഇരിങ്ങാലക്കുടയുടെ സാംസ്കാരിക മണ്ഡലത്തിൽ കൂടിച്ചേരലിൻ്റെയും സമഭാവനയുടെയും പുതുചരിത്രം എഴുതിച്ചേർത്ത വർണ്ണക്കുട 2025 ഡിസംബർ 26 മുതൽ 30 വരെ അയ്യങ്കാവ് മൈതാനിയിൽ അരങ്ങേറും. 2025 ഡിസംബർ 26,27,28,29,30 തീയതികളിൽ അഞ്ച് ദിവസങ്ങളിലായാണ് “വർണ്ണക്കുട 2025” സംഘടിപ്പിക്കുന്നത്.
ഡിസംബർ 26 ന് കൊരമ്പ് മൃദംഗ കളരി അവതരിപ്പിക്കുന്ന മൃദംഗമേളയോടെ വർണ്ണക്കുടക്ക് തുടക്കമാകും. കേരള കലാമണ്ഡലം അവതരിപ്പിക്കുന്ന ‘എൻ്റെ കേരളം’ നൃത്തശില്പം, ഇന്ദുലേഖ വാര്യരുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത പരിപാടി, ര-ഗ-സ ബാൻ്റ് സംഗീത സന്ധ്യ , പ്രശസ്ത ചലച്ചിത്ര താരം ആശ ശരത്ത് അവതരിപ്പിക്കുന്ന നൃത്തപരിപാടി, പ്രശസ്ത പിന്നണി ഗായിക പുഷ്പാവതിയുടെ സംഗീത പരിപാടി,പ്രശസ്ത പിന്നണി ഗായകനും ഫോക്ക് കലാകാരനുമായ അതുൽ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഫോക്ക് ബാൻഡ് , ബംഗാളി കലാരൂപമായ പുരുളിയ ചാവ്, പ്രശസ്ത ഗസൽ ഗായകൻ ഷബാസ് അമൻ ഗസൽ സന്ധ്യ, മണിപ്പൂരി ഡാൻസ്, താമരശ്ശേരി ചുരം ബാൻ്റ് അവതരിപ്പിക്കുന്ന സംഗീത നിശ എന്നിങ്ങനെ വിവിധ പരിപാടികൾ വർണ്ണക്കുട മൂന്നാം എഡിഷൻ വേദിയെ വർണ്ണാഭമാക്കുമെന്നു മന്ത്രി ഡോ:ആർ,ബിന്ദു അറിയിച്ചു. മുഴുവൻ ജനങ്ങളുടെയും പങ്കാളിത്തത്തോടെ സംഘടിപ്പിക്കപ്പെടുന്ന “വർണ്ണക്കുട” ഇരിങ്ങാലക്കുടയുടെ ജനകീയമായ സാംസ്കാരിക ഉത്സവമായി ഈ വർഷവും വൻ വിജയമാക്കാൻ എല്ലാ സഹൃദയരെയും ക്ഷണിക്കുന്നതായും മന്ത്രി പറഞ്ഞു.
ഡിസംബർ 30 ന് വർണ്ണക്കുടയുടെ സമാപന ചടങ്ങിൽ ഇന്നസെൻ്റ് സ്മാരക പുരസ്കാരം ജൂറി തിരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്ര താരത്തിനും, പി ജയചന്ദ്രൻ സ്മാരക പുരസ്ക്കാരം ജൂറി തിരഞ്ഞെടുക്കുന്ന ഒരു ചലച്ചിത്ര സംഗീത സംവിധായകനും/ഗായകനും സമ്മാനിക്കും. വർണ്ണക്കുട 2025 ബ്രോഷർ ഉദ്ഘാടന ചടങ്ങിൽ വർണ്ണക്കുട ജനറൽ കൺവീനറും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ജോസ്. ജെ.ചിറ്റിലപ്പിള്ളി,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ടി.കെ.സുധീഷ്, സി.ബി.ഷക്കീല ടീച്ചർ, ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർമാരായ സി.സി.ഷിബിൻ, കെ.എസ്.പ്രസാദ്,പടിയൂർ പഞ്ചായത്ത് മെമ്പർ സുധ ദിലീപ്, പ്രോഗ്രാം കോർഡിനേറ്റർ അഡ്വക്കേറ്റ് പി.മണികണ്ഠൻ, എന്നിവർ സംസാരിച്ചു. കലാസാംസ്കാരിക പ്രവർത്തകരും നാട്ടുകാരും ചടങ്ങിൽ പങ്കെടുത്തു.



