THRISSUR

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർമാർ; ജില്ലാ പഞ്ചായത്ത് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ ജില്ലാ പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മുപ്പത് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. ജില്ലാ ആസൂത്രണ ഭവൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, ജില്ലാ പഞ്ചായത്ത് അംഗമായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം മേരി തോമസിന് സത്യവാചകം ചൊല്ലിക്കൊടുത്തു.

വാഴാനി ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മേരി തോമസ് തുടർന്ന് മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ ഏഴ് പേർ ഈശ്വരനാമത്തിലും, ഒരംഗം ദൈവനാമത്തിലും, ഒരംഗം അല്ലാഹുവിൻ്റെ നാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. 21 അംഗങ്ങൾ ദൃഢപ്രതിജ്ഞ നടത്തി.

വടക്കേക്കാട് ഡിവിഷനിലെ അഡ്വ. ഷംസീറ അഷ്‌റഫ്, കാട്ടാകാമ്പാൽ ഡിവിഷനിലെ എം. വി. പ്രശാന്ത് മാസ്റ്റർ, ചൂണ്ടൽ ഡിവിഷനിലെ ലീല രാമകൃഷ്ണൻ, എരുമപ്പെട്ടി ഡിവിഷനിലെ മീന സാജൻ, വള്ളത്തോൾ നഗർ ഡിവിഷനിലെ ബുഷറ ടീച്ചർ , തിരുവില്വാമല ഡിവിഷനിലെ കെ. ആർ. സത്യൻ, ചേലക്കര ഡിവിഷനിലെ കെ ആർ മായ ടീച്ചർ , വാഴാനി ഡിവിഷനിലെ മേരി തോമസ്, അവണൂർ ഡിവിഷനിലെ പ്രസാദ്, പീച്ചി ഡിവിഷനിലെ പി. എസ് വിനയൻ, പുത്തൂർ ഡിവിഷനിലെ ഓമന ഇ എ, ആമ്പല്ലൂർ ഡിവിഷനിലെ ഷീല, കൊടകര ഡിവിഷനിലെ കെ ജെ ഡിക്സൺ, അതിരപ്പിള്ളി ഡിവിഷനിലെ ഡാർളി പോൾ, കൊരട്ടി ഡിവിഷനിലെ അഡ്വ. ഷോൺ പെല്ലിശ്ശേരി,ആളൂർ ഡിവിഷനിലെ കാവ്യ രഞ്‌ജിത്ത്, മാള ഡിവിഷനിലെ പോൾ (സാജൻ കൊടിയൻ), മുരിയാട് ഡിവിഷനിലെ ജോസ് ജെ ചിറ്റിലപ്പിള്ളി, പറപ്പൂക്കര ഡിവിഷനിലെ അമ്പിളി വേണു, കാട്ടൂർ ഡിവിഷനിലെ ടി.കെ സുധീഷ്, എറിയാട് ഡിവിഷനിലെ നൗഷാദ് കറുകപ്പാടത്ത്, വെള്ളാങ്ങല്ലൂർ ഡിവിഷനിലെ സി.ബി ഷക്കീല ടീച്ചർ, കൈപ്പമംഗലം ഡിവിഷനിലെ കെ. എസ്. ജയ, തൃപ്രയാർ ഡിവിഷനിലെ അമൽ ടി പ്രേമൻ, ചേർപ്പ് ഡിവിഷനിലെ സി കെ വിനോദ്, താന്ന്യം ഡിവിഷനിലെ കെ.പി. സന്ദീപ്, അന്തിക്കാട് ഡിവിഷനിലെ സലിജ ടീച്ചർ, തളിക്കുളം ഡിവിഷനിലെ പി ഐ സജിത (കുർണി), മുല്ലശ്ശേരി ഡിവിഷനിലെ രാഗേഷ് കണിയാംപറമ്പിൽ, കടപ്പുറം ഡിവിഷനിലെ ശ്രീഷ്മ ബാബുരാജ് എന്നിവരാണ് സത്യ പ്രതിജ്ഞ ചൊല്ലി അധികാരമേറ്റത്.

പി. ബാലചന്ദ്രൻ എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് വി. എസ്. പ്രിൻസ്, മുൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ലത ചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് ജില്ലാപഞ്ചായത്തിൻ്റെ ഭരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി ജില്ലാ പഞ്ചായത്ത് ഹാളിൽ പ്രഥമ യോഗം ചേർന്നു.

തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്തു

തൃശൂർ ജില്ല മുൻസിപ്പൽ കോർപ്പറേഷനിൽ തിരഞ്ഞെടുക്കപ്പെട്ട 56 അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ, കോർപ്പറേഷൻ കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട മുതിർന്ന അംഗം എം. എൽ റോസിക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് കാളത്തോട് ഡിവിഷനിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എം എൽ റോസി മറ്റ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.

റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ, പി. ബാലചന്ദ്രൻ എംഎൽഎ, മുൻ മേയർമാർ, മുൻ കൗൺസിലർമാർ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേഷൻ കൗൺസിലർമാരുടെ പ്രഥമ യോഗം മുതിർന്ന കൗൺസിലറായ എം എൽ റോസിയുടെ അധ്യക്ഷതയിൽ കോർപ്പറേഷൻ ഹാളിൽ ചേർന്നു.