വേലൂര്‍ സ്മാർട്ട് ഗ്രൂപ്പ് വില്ലേജ് ഓഫീസ് നിർമ്മാണോദ്ഘാടനം മന്ത്രി കെ. രാജൻ നിർവഹിച്ചു
വേലൂര്‍ : കേരളത്തിൽ 30 വർഷമായി നിലച്ചിരുന്ന വനം – റവന്യൂ വകുപ്പുകളുടെ സംയുക്ത പരിശോധന നവംബർ 9ന് ഔപചാരികമായി ആരംഭിക്കുമെന്ന് കുന്നംകുളം താലൂക്കിലെ വേലൂര്‍-തയ്യൂര്‍-കിരാലൂര്‍ ഗ്രൂപ്പ് സ്മാർട്ട് വില്ലേജ് ഓഫീസിൻ്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് മന്ത്രി കെ. രാജൻ സംസാരിച്ചു . വനഭൂമി പട്ടയത്തിന്റെ കാര്യത്തിൽ 30 വർഷം മുൻപ് ജെ.വി.ആർ നടത്തിയ പട്ടയങ്ങൾ വിതരണം ചെയ്യുക എന്നല്ലാതെ പുതിയ അപേക്ഷയും പുതുക്കിയ സംയുക്ത പരിശോധനയും കേരളത്തിന് നിഷിദ്ധമായിരുന്നു. കഴിഞ്ഞവർഷം വനം വകുപ്പ് മന്ത്രിയുടെകൂടി സാന്നിധ്യത്തിൽ കേന്ദ്ര വനം വകുപ്പ് മന്ത്രിയുമായി ചേർന്ന് നടത്തിയ തുടർച്ചയായ ചർച്ചകളുടെ ഫലമായി നവംബർ 9ന് വനം വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ സംയുക്ത പരിശോധനയ്ക്ക് തുടക്കം കുറിക്കുമെന്നും മന്ത്രി പറഞ്ഞു.

വില്ലേജ് ഓഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ എ.സി മൊയ്തീന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എ.സി മൊയ്തീന്‍ എം.എല്‍.എ യുടെ 2023-24 വര്‍ഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ വിനിയോഗിച്ചാണ് വില്ലേജ് ഓഫീസ് ആധുനിക നിലവാരത്തിൽ നിർമ്മിച്ചത്. 133.45 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തിൽ ആർ.ആർ മേസൺറി അടിത്തറയായി ഒരു ലോഡ് ബെയറിംഗ് ഘടനയായാണ് കെട്ടിടം രൂപകൽപ്പന ചെയ്തിട്ടുള്ളത്. സ്പാൻ കൂടുതൽ വരുന്ന ഭാഗത്ത് കോളം ഫൂട്ടിങ് കോൺക്രീറ്റ് പ്രബലിത ചട്ടക്കൂടിൽ ടോയ്‌ലെറ്റ് ഉൾപ്പെടെ രണ്ട് നിലകളിലായി, കോണി മുറി, പെയിന്റിംഗ് വർക്ക്, ഹാൻഡ് റെയിലോട് കൂടിയ റാംബ്, ടൈൽഡ് ഫ്ളോറിങ് വർക്ക്, അലൂമിനിയം വർക്ക്, തുറന്ന ടെറസിനുള്ള ട്രസ്ഡ് മേൽക്കൂര, ബോർ വെൽ മുതലായ പ്രവർത്തികളാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. കൂടാതെ 1.60 ലക്ഷം രൂപയുടെ ഇലക്ട്രിഫിക്കേഷൻ പ്രവർത്തികളും ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് നിലകളിലായാണ് സ്മാര്‍ട്ട് വില്ലേജ് ഓഫീസ് നിർമ്മിക്കുക. പഴയ വില്ലേജ് ഓഫീസ് നിര്‍മ്മാണ പ്രവൃത്തികൾക്കായി പൊളിച്ചുമാറ്റിയതിനാൽ താല്‍ക്കാലികമായി നടുവിലങ്ങാടി ആല റോഡ് അങ്കണവാടി കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ചടങ്ങിൽ വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.ആര്‍ ഷോബി, ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആന്‍സി വില്ല്യംസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കർമ്മല ജോൺസൺ, ജില്ലാ പഞ്ചായത്തംഗം ജലീല്‍ ആദൂര്‍, വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.എഫ്. ജോയ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷേർളി ദിലീപ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സപ്‌ന റഷീദ്, വാർഡ് മെമ്പർ ശുഭ അനിൽകുമാർ, വാർഡ് മെമ്പർമാർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.



