കച്ചിത്തോട് രണ്ടാംഘട്ട നവീകരണംജനുവരിയിൽ തുടങ്ങും: മന്ത്രി കെ. രാജൻ
കച്ചിത്തോട്: കച്ചിത്തോട് ഡാം നവീകരണത്തിൻ്റെയും സൗന്ദര്യവൽക്കരണത്തിൻ്റെയും രണ്ടാംഘട്ട പ്രവൃത്തികൾ ജനുവരിയിൽ ആരംഭിക്കുമെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ. രാജൻ. രണ്ടാംഘട്ട ഡാം നവീകരണം സംബന്ധിച്ച് പൊതുജനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ സ്വരൂപിക്കുക എന്ന ലക്ഷ്യത്തോടെ ഇവർക്കൊപ്പം കച്ചിത്തോട് നടന്ന പ്രഭാത സവാരിക്കു ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. അഞ്ച് കോടി രൂപ വിനിയോഗിച്ച് നടപ്പാത, വിശ്രമ ബെഞ്ചുകൾ, ഡാം സൈറ്റിൽ സെൽഫി പോയിൻ്റ്, റിസർവോയർ ആഴം കൂട്ടൽ എന്നിവ നടപ്പാക്കി നാടിന് സമർപ്പിച്ചത് കഴിഞ്ഞ മാസമാണ്. കച്ചിത്തോട് ഡാമിനെ മാടക്കത്തറ ഗ്രാമ പഞ്ചായത്തിൻ്റെ ടൂറിസം ഹബ്ബാക്കി മാറ്റുന്ന വിധത്തിൽ രണ്ടാംഘട്ടം നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

ഗ്രീൻ ആർക്കിടെക്ടിൻ്റെ സഹായത്തോടെ വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കും. ഇതിനായി വിദഗ്ദ്ധരടങ്ങിയ ഒരു കമ്മിറ്റിയെ ചുമതലപ്പെടുത്തി. വിനോദോപാധികളോടെ ഡാമിനോട് ചേർന്ന് ഓപ്പൺ ജിം, കുട്ടികളുടെ പാർക്ക്, സിപ് ലൈൻ, സിപ് സൈക്കിൾ, നീന്തൽ പരിശീലനം, ബോട്ടിങ്, കയാക്കി, മാലിന്യ ശേഖരണം, സേഫ്റ്റി റിംഗുകൾ, ചായക്കട, ഭക്ഷണശാലകൾ, വെഡ്ഡിങ് ഫോട്ടോ ഗ്രാഫി സെൻ്റർ, പ്രകൃതിക്കിണങ്ങിയ വിധം കൺവൻഷൻ സെൻ്റർ, ട്രീ ഹൗസ്, വാച്ച് ടവർ, തൂക്കു പാലം തുടങ്ങിയ നിരവധി ആശയങ്ങൾ പ്രഭാത സവാരിക്കിടെ ബഹുജനങ്ങളും മുന്നോട്ടുവച്ചു. ഇവയെല്ലാം പരിശോധിച്ചാകും മാസ്റ്റർ പ്ലാൻ തയ്യാറാക്കുകയെന്ന് മന്ത്രി കെ. രാജൻ പറഞ്ഞു. കുടിവെള്ള പമ്പിങ്ങിനും അനുബന്ധ വൈദ്യുതീകരണ പ്രവൃത്തികൾക്കും സോളാർ സംവിധാനം കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ രവി, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര രവീന്ദ്രൻ, നടത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീവിദ്യ രാജേഷ്, മാടക്കത്തറ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സണ്ണി ചെന്നിക്കര, ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയൻ, ജില്ലാ വികസന സമിതി അംഗം പ്രസാദ് പാറേരി തുടങ്ങിയവർ സംബന്ധിച്ചു.



