സൗപർണ്ണിക അങ്കണവാടി കെട്ടിടം നിർമ്മാണോദ്ഘാടനം മന്ത്രി ആർ ബിന്ദു നിർവഹിച്ചു
കാറളം ഗ്രാമപഞ്ചായത്തിലെ എട്ടാം വാർഡിലെ 54-ാം നമ്പർ സൗപർണ്ണിക അങ്കണവാടി കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഇരിങ്ങാലക്കുട എം.എൽ.എ.യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുക.
അങ്കണവാടികൾ ഒരു പ്രദേശത്തിൻ്റെ വികസനങ്ങളെ സംരക്ഷിച്ച് മുന്നോട്ടു കൊണ്ടുപോകുന്ന കേന്ദ്രങ്ങളാണ്. ജനകീയ പ്രവർത്തനങ്ങളുടെ ശിലാ കേന്ദ്രമായ അങ്കണവാടികളിൽ അടിസ്ഥാന സൗകര്യ വികസനങ്ങൾ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു പ്രദീപ് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ലളിത ബാലൻ മുഖ്യാതിഥിയായി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ എസ് രമേഷ്, വാർഡ് മെമ്പർ വൃന്ദ അജിത്ത് കുമാർ കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുനിൽ മാലാന്ത്ര, ബ്ലോക്ക് മെമ്പർ മോഹനൻ വലിയാട്ടിൽ, ഐസിഡിഎസ് സൂപ്പർവൈസർ ടി എസ് ധന്യ എന്നിവർ പങ്കെടുത്തു.



