THRISSUR

കാലവര്‍ഷം; അവലോകന യോഗം ചേര്‍ന്നു

കാലവര്‍ഷത്തിൻ്റെ ഭാഗമായി ഗുരുവായൂര്‍ നിയോജക മണ്ഡലത്തില്‍ നടത്തുന്ന അടിയന്തര പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് എന്‍.കെ അക്ബര്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്നു. കാലവര്‍ഷവുമായി ബന്ധപ്പെട്ട അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ഫയര്‍ഫോഴ്‌സ്, സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടിവെള്ള ലഭ്യത വാട്ടര്‍ അതോറിറ്റിയും തദ്ദേശ സ്വയംഭരണ സെക്രട്ടറിമാരും ഉറപ്പുവരുത്തണം. ആവശ്യമെങ്കില്‍ ജില്ലാ കളക്ടറില്‍ നിന്നും അനുമതി വാങ്ങി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും എംഎല്‍എ പറഞ്ഞു.

കാലവര്‍ഷത്തിൻ്റെ ഭാഗമായി തകര്‍ന്ന വീടുകള്‍ക്ക് ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ ചാവക്കാട് തഹസില്‍ദാരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു വരികയാണ്. ശക്തമായ കാറ്റില്‍ മരങ്ങള്‍ വീണ് ഇലക്ട്രിക് പോസ്റ്റുകള്‍ക്ക് സംഭവിച്ച തകരാറും വൈദ്യുതി തടസ്സങ്ങളും പുന:സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ കെ.എസ്.ഇ.ബി നടത്തി വരുന്നു. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നാഷണല്‍ ഹൈവേ സര്‍വ്വീസ് റോഡുകള്‍ ഉള്‍പ്പടെ വെള്ളക്കെട്ടുണ്ടാകുന്നതും സഞ്ചാര യോഗ്യമല്ലാത്തതും യോഗം വിലയിരുത്തി. വിഷയങ്ങളില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെടുന്നതിന് യോഗം തീരുമാനിച്ചു.

ചാവക്കാട് ചേറ്റുവ ബൈപ്പാസില്‍ 85 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിക്കുന്ന കാന നിര്‍മ്മാണം അടിയന്തരമായി തുടങ്ങുന്നതിനും ബൈപ്പാസ് റോഡ് സഞ്ചാര യോഗ്യമാക്കുന്നതിനും പൊതുമരാമത്ത് എന്‍.എച്ച് വിഭാഗത്തിനും കടപ്പുറം സൈക്ലോണ്‍ ഷെല്‍റ്ററിലേക്ക് ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കാന്‍ തഹസില്‍ദാര്‍ക്കും എം.എല്‍.എ നിര്‍ദ്ദേശം നല്‍കി. വെള്ളം ഒഴുകിപോകുന്നതിന് തടസ്സം സൃഷ്ടിക്കുന്ന എല്ലാ ലോക്കുകളും സ്ലൂയിസുകളും അടിയന്തരമായി തുറക്കാന്‍ നടപടി സ്വീകരിക്കാനും ആവശ്യമായ സാഹചര്യങ്ങളില്‍ കടപ്പുറം, പുന്നയൂര്‍ക്കുളം പഞ്ചായത്തുകളിലെ കടലേറ്റ മേഖലകളിലെ ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കാനും എംഎല്‍എ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അവലോകന യോഗത്തില്‍ ചാവക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ഷീജ പ്രശാന്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാരായ ടി.വി സുരേന്ദ്രന്‍, ബിന്ദു സുരേഷ്, ജാസ്മിന്‍ ഷഹീര്‍, എന്‍.എം.കെ നബീല്‍, സാലിഹ ഷൗക്കത്ത്, വിജിത സന്തോഷ്, ചാവക്കാട് തഹസില്‍ദാര്‍ കിഷോര്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിയും നിയോജക മണ്ഡലം നോഡല്‍ ഓഫീസറുമായ വര്‍ഗ്ഗീസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറിമാര്‍, പൊതുമരാമത്ത്, പോലീസ്, റവന്യൂ, ഫയര്‍ഫോഴ്‌സ്, ഫിഷറീസ്, കെ.എസ്.ഇ.ബി, കെ.ഡബ്യു.യു.എ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.