മാടക്കത്തറയിൽ പഞ്ചായത്ത് കളിക്കളം റെഡി!
മാടക്കത്തറ : ഒല്ലൂർ നിയോജകമണ്ഡലത്തിലെ കായിക കുതിപ്പിന് കരുത്തേകാൻ മാടക്കത്തറ ഗ്രാമപഞ്ചായത്ത് കേരള സംസ്ഥാന കായിക വകുപ്പിൻ്റെ പ്ലാൻ ഫണ്ടിൽനിന്നും അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചുകൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ഗ്രൗണ്ട് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി അഡ്വ. കെ രാജൻ നാടിന് സമർപ്പിച്ചു. നാടിൻ്റെ കളിയാരവങ്ങളുടെ സ്പന്ദനമാകാൻ മാടക്കത്തറ ഗ്രാമപഞ്ചായത്തിൽ കളിക്കളം തയാർ. കൗമാരക്കാരും യുവാക്കളും കായിക വിനോദങ്ങളിൽ ഏർപ്പെട്ട് ഒന്നിച്ച് സമയം ചിലവഴിക്കുന്ന വൈകുന്നേരങ്ങൾ ഗ്രാമീണ കേരളത്തിലെ സ്ഥിരം കാഴ്ചയാണ്. ലഹരിക്കും മയക്കുമരുന്നിനും അടിമകളായി ഒരുപാട് പേരുടെ ജീവിതത്തിൽ നഷ്ടങ്ങൾ സംഭവിക്കുന്ന ഈ കാലത്ത് കായികമാണ് ലഹരി എന്ന ആശയം മുൻനിർത്തി വിവിധ പദ്ധതികളുമായി കായിക വകുപ്പ് മുന്നോട്ട് പോകുന്നത്.
സംസ്ഥാനത്തെ പൊതുജനങ്ങളുടെ കായികക്ഷമത ഉയർത്തുന്നതിനോടൊപ്പം തന്നെ പ്രൊഫഷണൽ കായിക രംഗത്ത് മികവുറ്റ കായികതാരങ്ങളെ വാർത്തെടുക്കുന്നതിന് ഉതകുന്ന പശ്ചാത്തല സൗകര്യങ്ങൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ഒരു പഞ്ചായത്തിൽ ഒരു കളിക്കളം . ഒരു പഞ്ചായത്തിൽ ഒരു കളി സ്ഥലമെങ്കിലും വികസിപ്പിച്ച് ഗ്രാമീണ ജനങ്ങളുടെ കായികക്ഷമത ഉറപ്പുവരുത്തുകയും, അതോടൊപ്പം ഉന്നത നിലവാരത്തിലുള്ള ആധുനിക കളിക്കളങ്ങൾ നിർമ്മിച്ച് ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കഴിവ് തെളിയിക്കുന്നതിന് കായികതാരങ്ങളെ പ്രാപ്തരാക്കുക എന്നത് കൂടി പദ്ധതി ലക്ഷ്യമിടുന്നുണ്ട് .



