THRISSUR

പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കൽ: ജില്ലാതല യോഗം ചേർന്നു

തൃശ്ശൂർ: പ്രത്യേക തീവ്ര വോട്ടർപട്ടിക പുതുക്കലിൻ്റെ സമയക്രമവും വിശദാംശങ്ങളും അംഗീകൃത രാഷ്ട്രീയ പാർട്ടികളുമായി പങ്കുവയ്ക്കുന്നതിനായി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ്റെ അധ്യക്ഷതയിൽ ജില്ലാതല യോഗം സംഘടിപ്പിച്ചു. വോട്ടർപട്ടിക പുതുക്കലിനുള്ള മുന്നൊരുക്കം ജില്ലയിൽ പൂർത്തിയായതായി കളക്ടർ അറിയിച്ചു. ജില്ലയിലെ 13 നിയോജകമണ്ഡലങ്ങളിലായി ആകെ 26,50,163 വോട്ടർമാരാണുള്ളത്. ഇതിൽ 12,64,500 പുരുഷന്മാരും 13,85,628 സ്ത്രീകളും 35 ട്രാൻസ്ജെൻഡറുകളുമുണ്ട്. ജില്ലയിൽ ആകെ 2338 ബൂത്തുകളുണ്ട്.

എല്ലാ ബൂത്തിലും ഒരു ബൂത്ത് ലെവൽ ഓഫീസറെ നിയമിച്ചിട്ടുണ്ട്. പത്ത് ബൂത്ത് ലെവൽ ഓഫീസർമാരുടെ പ്രവർത്തനം വിലയിരുത്താൻ ഒരു ബി എൽ ഒ സൂപ്പർവൈസറേയും നിയമിച്ചിട്ടുണ്ട്. ബൂത്ത് ലെവൽ ഓഫീസർമാർക്കും ബി എൽ ഒ സൂപ്പർവൈസർമാർക്കുമുള്ള പരിശീലനം പൂർത്തിയാക്കി. നിലവിൽ വോട്ടർമാരായ എല്ലാവർക്കും ബി എൽ ഒ പ്രിൻ്റ് ചെയ്ത എന്യൂമറേഷൻ ഫോം രണ്ട് കോപ്പി വീതം വീട്ടിൽ എത്തിച്ച് നൽകും. ബൂത്ത് ലെവൽ ഓഫീസർമാരുടെ പേരും ഫോൺ നമ്പറും എന്യൂമറേഷൻ ഫോമിൽ ലഭ്യമാണ്.

നിലവിൽ വോട്ടർപട്ടികയിൽ ഇല്ലാത്തവർക്ക് ഫോറം ആറും ഡിക്ലറേഷൻ ഫോമും നൽകും. വോട്ടർമാർ എന്യൂമറേഷൻ ഫോം പൂരിപ്പിച്ച് ഒരു കോപ്പി ബി എൽ ഒയ്ക്ക് തിരികെ നൽകണം. വോട്ടർമാർക്ക് voters.eci.gov.in എന്ന വെബ്സൈറ്റ് മുഖനേയോ ECINET എന്ന ആപ്പ് മുഖനേയോ ഓൺലൈനായി ഫോമുകൾ സമർപ്പിക്കാനുളള സൗകര്യമുണ്ട്. വോട്ടർമാർ നിലവിൽ സ്ഥലത്തിലെങ്കിലും അടുത്ത ബന്ധുക്കൾക്ക് എന്യൂമറേഷൻ ഫോം ഒപ്പ് വച്ച് നൽകാവുന്നതാണ്. എന്യൂമറേഷൻ ഫോമിനൊപ്പം വോട്ടർ ഒരു ഡോക്യുമെന്റും നൽകേണ്ടതില്ല. നവംബർ നാല് മുതൽ ഡിസംബർ നാല് വരെയാണ് ഫോറം വിതരണത്തിനും സ്വീകരണത്തിനുമായി കമ്മീഷൻ അനുവദിച്ചിട്ടുള്ള സമയം. എന്യൂമറേഷൻ ഫോം പൂർത്തിയാക്കി നൽകുന്ന എല്ലാവരേയും ഉൾപ്പെടുത്തി ഡിസംബർ ഒമ്പതിന് കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. ഒരു പോളിംഗ് സ്റ്റേഷനിൽ പരമാവധി 1200 വോട്ടർമാരെയാണ് ഉൾപ്പെടുത്തുക.

കരട് പ്രസിദ്ധീകരിച്ച ശേഷം ഡിസംബർ ഒമ്പത് മുതൽ 2026 ജനുവരി എട്ട് വരെ ഒരു മാസം ആക്ഷേപങ്ങളും അവകാശങ്ങളും സമർപ്പിക്കാം. 2002- ൽ അവസാനം തീവ്ര പുതുക്കൽ നടത്തി തയ്യാറാക്കിയ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഈ വിവരം എന്യൂമറേഷൻ ഫോമിൽ രേഖപ്പെടുത്താം. അവർ പുതിയതായി ഒരു രേഖയും നൽകേണ്ടതില്ല. ഇത്തരത്തിൽ 2002- ലെ വിവരം നൽകാൻ കഴിയാത്തവർക്ക് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ നോട്ടീസ് നൽകി രേഖകൾ സ്വീകരിച്ച് വോട്ടറുടെ യോഗ്യത നിശ്ചയിക്കും. രേഖകൾ നൽകാത്ത സാഹചര്യത്തിൽ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ ബി.എൽ.ഒ വഴി അന്വേഷണം നടത്തി തീരുമാനമെടുക്കും. അവകാശങ്ങളും ആക്ഷേപങ്ങളും വോട്ടർമാരുടെ യോഗ്യതയും പരിശോധിച്ച് ഫെബ്രുവരി ഏഴിന് അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും.

ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസറുടെ തീരുമാനത്തിൽ ഒന്നാം അപ്പീൽ ജില്ലാ കളക്ടർക്ക് നൽകാം. നിയമസഭാ മണ്ഡല തലത്തിലും ബൂത്ത് തലത്തിലും രാഷ്ട്രീയ പാർട്ടികളുമായി യോഗം നടത്തി പ്രവർത്തനം വിശദീകരിക്കും. എന്യൂമറേഷൻ ഫോമിൻ്റെ പ്രിന്റിംഗ് പൂർത്തിയായി. പൊതു ജനങ്ങളുടേയും രാഷ്ട്രീയ പാർട്ടികളുടേയും സഹായത്തിനായി ജില്ലാ തലത്തിൽ ഹെൽപ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഹെൽപ്ഡെസ്ക് നമ്പർ : 0487 2631036.

യോഗ്യരായ എല്ലാവരേയും വോട്ടർപട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഒരാളെപ്പോലും വിട്ടുപോകാത്ത രീതിയിൽ പട്ടികയിൽ നിലവിൽ ഉള്ള ന്യൂനതകൾ പരിഹരിച്ച് കുറ്റമറ്റ വോട്ടർപട്ടിക തയ്യാറാക്കുമെന്നും ജില്ലാ കളക്ടർ അറിയിച്ചു. വോട്ടർമാർക്ക് യാതൊരു ബുദ്ധിമുട്ടും കൂടാതെ ഏറ്റവും ലളിതമായാണ് എല്ലാ പ്രവർത്തനങ്ങളു ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് ജില്ലാ കളക്ടർ അറിയിച്ചു. എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും വോട്ടർമാരുടേയും സഹകരണം അദ്ദേഹം അഭ്യർഥിച്ചു. യോഗത്തിൽ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ കെ. കൃഷ്ണകുമാർ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ജോൺസൺ കാഞ്ഞിരത്തിങ്കൽ, വി സുൽത്താൻ ബാബു, കെ വി ദാസൻ, എം എസ് ശിവരാമകൃഷ്ണൻ, പ്രകാശ് മാസ്റ്റർ തുണ്ടത്തിൽ, ബി ശശിധരൻ, മുരളി കോളങ്ങാട്ട്, ഇ എം സതീശൻ, ടി പ്രദീപ്കുമാർ, റാണി ആന്റോ എന്നിവർ പങ്കെടുത്തു. ഇതോടൊപ്പം ഡെപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ സജ്ഞയ് കുമാർ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടറുമായും ജില്ലയിലെ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർമാരുമായും എസ്.ഐ.ആർ സംബന്ധിച്ച അവലോകനയോഗം കളക്ട്രേറ്റിൽ നടത്തി.

Leave a Reply

Your email address will not be published. Required fields are marked *