പുന്നയൂർ ജി.എൽ.പി സ്‌കൂളിൻ്റെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണം ആരംഭിച്ചു
പുന്നയൂർ: പുന്നയൂർ ഗ്രാമപഞ്ചായത്തിലെ ഗവ. എൽ.പി.സ്കൂളിന് പുതിയ സ്കൂൾ കെട്ടിടമൊരുങ്ങിയതിന് പിന്നാലെ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെട്ടിടത്തിൻ്റെ നിർമ്മാണോദ്ഘാടനം എൻ.കെ അക്ബർ എംഎൽഎ നിർവ്വഹിച്ചു. ജി.എൽ.പി സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ പുന്നയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.വി സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. നേരത്തെ പുന്നയൂർ ജി.എൽ.പി സ്‌കൂളിനായി എൻ.കെ അക്ബർ എം.എൽ.എയുടെ ഫണ്ടിൽ നിന്നും ഒരു കോടി രൂപ ചെലവിൽ ഒരു നില കെട്ടിടത്തിൻ്റെ നിർമ്മാണം പൂർത്തീകരിക്കുകയും സ്‌കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 2024-25 ലെ സംസ്ഥാന ബജറ്റിൽ അനുവദിച്ച ഒരു കോടി രൂപ ചെലവിൽ രണ്ടാം ഘട്ട നിർമ്മാണ പ്രവർത്തനം ആരംഭിക്കുന്നത്. ഇതിൻ്റെ ഭാഗമായി ഒന്നാം നിലയിൽ മൂന്ന് ക്ലാസ് റൂമുകൾ, സ്റ്റാഫ് റൂം, ടോയ്‌ലറ്റ് എന്നിവ നിർമ്മിക്കും.

പിഡബ്ലിയുഡി എക്‌സി. എഞ്ചിനീയർ ടി.കെ സന്തോഷ്‌കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. പുന്നയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സുഹറ ബക്കർ, ജില്ലാപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ റഹീം വീട്ടിപറമ്പിൽ, ഗ്രാമപഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ കെ.എ വിശ്വനാഥൻ, ഷെമീം അഷറഫ്, എ.കെ. വിജയൻ, ചാവക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി രാധ, ജി.എൽ.പി.എസ്. പുന്നയൂർ ഹെഡ്മിസ്ട്രസ് എം.കെ പ്രഭാവതി, കുമരംകോട് ക്ഷേത്ര കമ്മിറ്റി പ്രസിഡൻ്റ് സി.പി. രാജൻ, പിടിഎ പ്രസിഡൻ്റ് സുധീർ ഈച്ചിത്തായിൽ, മദർ പിടിഎ പ്രസിഡൻ്റ് ശ്രീദേവി, പി.ടി.എ വൈസ് പ്രസിഡൻ്റ് രഘുനന്ദനൻ, ഒഎസ്എ പ്രസിഡൻ്റ് വത്സലൻ, പുന്നയൂർ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എൻ.വി ഷീജ തുടങ്ങിയവർ സംസാരിച്ചു.



