ഒല്ലൂർ മണ്ഡലത്തിലെ റോഡ് നിർമ്മാണം: റവന്യൂ മന്ത്രി അവലോകന യോഗം നടത്തി
തിരുവനന്തപുരം: ഒല്ലൂർ നിയോജകമണ്ഡലത്തിൽ കിഫ്ബി മുഖാന്തിരം കേരള റോഡ് ഫണ്ട് ബോർഡിൻ്റെ (കെആർഎഫ്ബി) നേതൃത്വത്തിൽ നടക്കുന്ന പ്രവൃത്തികളുടെ അവലോകനത്തിനായി സ്ഥലം എംഎൽഎയായ റവന്യൂ മന്ത്രി കെ രാജൻ്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
നിർമ്മാണം പൂർത്തിയായ നടത്തറ പഞ്ചായത്തിലെ ശ്രീധരി പാലം / അപ്രോച്ച് റോഡ്, പീച്ചി-വാഴാനി ടൂറിസം കോറിഡോറിൻ്റെ ഭാഗമായ കരുമത്ര -പൊങ്ങണംകാട് റോഡ് എന്നിവയുടെ ഉദ്ഘാടനം ജനുവരി ആദ്യവാരത്തിൽ നടത്താൻ തീരുമാനിച്ചു.
പൊങ്ങണംകാട് – മുടിക്കോട് റോഡിൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായ വാട്ടർ അതോറിറ്റി / ഇലക്ട്രിസിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ് അവസാന ഘട്ടത്തിലാണ്. ഈ മാസം 22 മുതൽ റോഡ് നിർമ്മാണത്തിന് തുടക്കമാകും. നിർമ്മാണം സുഗമമാക്കുന്നതിൻ്റെ ഭാഗമായുള്ള ഗതാഗത നിയന്ത്രണം ഉൾപ്പടെയുള്ള തീരുമാനങ്ങൾക്കായി പൊലീസ്, തദ്ദേശസ്ഥാപനങ്ങളുമായി അടിയന്തര യോഗം ചേരാൻ മന്ത്രി നിർദ്ദേശിച്ചു.
നടത്തറ- മൂർക്കനിക്കര – കണ്ണാറ റോഡിൻ്റെ നിർമ്മാണം ഈ മാസം ആരംഭിക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്കും കരാറുകാർക്കും നിർദ്ദേശം നൽകി. കുടിവെള്ള വിതരണ ലൈനുകൾ മാറ്റി സ്ഥാപിക്കുന്ന നടപടികളും റോഡു നിർമാണത്തിൻ്റെ അനുബന്ധ പ്രവൃത്തികളും ഈമാസം 26 ന് തുടങ്ങും. നടത്തറ റോഡിലെ കൾവർട്ടിൻ്റെ നിർമ്മാണം ഈ ആഴ്ച്ച ആരംഭിക്കും. പുത്തൂർ റോഡിൻ്റെ നിർമ്മാണത്തിൻ്റെ ഭാഗമായ യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനുള്ള പ്രവർത്തനങ്ങൾ വേഗത്തിലാക്കുവാനും റവന്യൂ മന്ത്രി നിർദ്ദേശിച്ചു. മുഴുവൻ പ്രവൃത്തികളും ജനുവരി, ഫെബ്രുവരി മാസങ്ങൾക്കുള്ളിൽ പൂർത്തീകരിക്കാൻ മന്ത്രി കെ രാജൻ നിർദേശം നൽകി.
കെആർഎഫ്ബി പ്രൊജക്ട് ഡയറക്ടർ അശോക് കുമാർ, അസിസ്റ്റൻ്റ് എക്സി. എഞ്ചിനീയർ സജിത്ത്, കിഫ്ബി ഡെപ്യൂട്ടി ജനറൽ മാനേജർ രാജീവൻ, വൈദ്യുതി, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനിധികളും പങ്കെടുത്തു.



